ദേശീയപാത വികസനം: വീടുകൾ പൊളിച്ചുനീക്കിത്തുടങ്ങി
text_fieldsവളാഞ്ചേരി: ദേശീയപാത വികസനത്തിെൻറ ഭാഗമായി വളാഞ്ചേരി ബൈപാസിനായി സ്ഥലം ഏറ്റെടുത്ത പ്രദേശങ്ങളിൽനിന്ന് വീടുകൾ പൊളിച്ചുനീക്കൽ തുടങ്ങി. നിലവിലുള്ള ദേശീയപാത വികസിപ്പിക്കുമ്പോൾ ടൗണിലെ നിരവധി കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടത് ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് കാവുംപുറം പാടം വഴി ബൈപാസ് നിർമിക്കുന്നത്.
വട്ടപ്പാറ ഇറക്കത്തിലെ പള്ളിയുടെ സമീപത്തുനിന്ന് ആരംഭിക്കുന്ന ബൈപാസ് ടൗൺ ഒഴിവാക്കി ഓണിയിൽ പാലത്തിന് സമീപമാണ് വീണ്ടും നിലവിലെ ദേശീയപാതയിൽ ചേരുക. നാല് കിലോമീറ്ററോളം വരുന്ന ബൈപാസിെൻറ ഭൂരിഭാഗവും മേൽപാലമായാണ് നിർമിക്കുക. പ്രധാനമായും വയലുകളിൽ കൂടിയാണ് ബൈപാസ് പോകുന്നതെന്നതിനാൽ പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ എണ്ണം കുറവാണ്.
നഗരസഭയിലെ 31ാം വാർഡിലെ ഏഴ് വീടുകളും 26ാം വാർഡിലെ നാല് വീടുകളും പൂർണമായി പൊളിച്ചു മാറ്റേണ്ടിവരും. നഷ്ടപരിഹാരം ലഭിച്ച ഉടമകളാണ് വീട് പൊളിച്ചുമാറ്റൽ ആരംഭിച്ചത്. വീട് നഷ്ടപ്പെടുന്നവരിൽ ചിലർ പുതിയ വീട് നിർമിച്ച് അതിലേക്ക് താമസം മാറിയിട്ടുണ്ട്. മറ്റു ചിലർ വാടക വീടുകളിലേക്കും മാറിയിട്ടുണ്ട്. അതേസമയം, 31ാം വാർഡ് ഉൾപ്പെടുന്ന പ്രദേശങ്ങളൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് ലഭിച്ച തുക അപര്യാപ്തമാണെന്ന് നഗരസഭ കൗൺസിലർ സദാനന്ദൻ കോട്ടീരി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.