ഓൺലൈൻ പഠനം: ദേവികയുടെ ഓർമക്ക് ഇന്ന് ഒരു വർഷം
text_fieldsവളാഞ്ചേരി (മലപ്പുറം): ഓൺലൈൻ പഠനസൗകര്യമില്ലാത്തതിെൻറ മനോവിഷമത്താൽ ആത്മഹത്യ ചെയ്ത ദേവികയുടെ ഓർമക്ക് ഒരുവർഷം. ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയിൽ കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ- ഷീബ ദമ്പതികളുടെ മകളുമായ ദേവിക പഠനത്തിൽ പിന്നാക്കമാകുമോയെന്ന ആശങ്കയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.
വിക്ടേഴ്സ് ചാനൽ വഴിയുള്ള പഠനത്തിനുള്ള വീട്ടിലെ ടി.വി തകരാറിലാകുകയും ക്ലാസ് കാണാൻ സൗകര്യമുള്ള ഫോൺ ഇല്ലാതിരുന്നതും ദേവികയെ പ്രയാസപ്പെടുത്തിയിരുന്നു. പഠനത്തിൽ മിടുക്കിയായ ദേവിക ഡോക്ടറാകണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് യാത്രയായത്.
സുരക്ഷിതമായ വീടോ, പഠനസൗകര്യമോ ഇല്ലാതിരുന്ന കുടുംബത്തിന് നിരവധി സഹായങ്ങളാണ് തുടർന്ന് വിവിധ സംഘടനകൾ പ്രഖ്യാപിച്ചത്. ഭരണ- പ്രതിപക്ഷ കക്ഷികളുൾപ്പെടെ ടി.വിയും സ്മാർട്ട് ഫോണുകളും നൽകി. കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് കൈമാറിയിരുന്നു. എന്നാൽ, പല സഹായവും പ്രഖ്യാപനത്തിലൊതുങ്ങി.
വീട് നിർമിച്ച് നൽകുമെന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനത്തെ തുടർന്ന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിെൻറ അപേക്ഷയിൽ വീട് നിർമാണത്തിന് സർക്കാർ നൽകാമെന്നറിയിച്ച നാല് ലക്ഷം രൂപ വേണ്ടെന്ന് കുടുംബം അറിയിച്ചിരുന്നു.
എട്ട് ലക്ഷം രൂപയാണ് വീട് നിർമാണത്തിനായി യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഏപ്രിലിൽ നിർമാണമാരംഭിച്ചെങ്കിലും ലോക്ഡൗൺ കാരണം ലിൻറിൽ വരെ എത്തിയിട്ടുള്ളൂ. ലോക്ഡൗൺ കഴിഞ്ഞാൽ നിർമാണം പുനരാരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവും വാർഡ് അംഗവുമായ പി.ടി. ഷഹനാസ് പറഞ്ഞു.
ഈ വർഷം ഒമ്പതാം ക്ലാസിലേക്കെത്തുന്ന ദേവികയുടെ സഹോദരി ദേവനന്ദ ചേച്ചിയുടെ ഓർമയിൽ ചൊവ്വാഴ്ച മുതൽ ഓൺലൈൻ പഠനം ആരംഭിക്കും. കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായ പിതാവ് ബാലകൃഷ്ണന് ലോക്ഡൗണും മറ്റും കാരണം പലപ്പോഴും ജോലിയില്ലാത്ത അവസ്ഥയാണ്.
പത്ത് വർഷം കുറ്റിപ്പുറം െറസ്റ്റ് ഹൗസിൽ വാച്ച്മാനായി ജോലി നോക്കിയതിെൻറ അടിസ്ഥാനത്തിൽ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി നൽകണമെന്ന അപേക്ഷ സർക്കാറിന് നൽകിയിരുന്നെങ്കിലും ഇതുവരെ തീരുമാനമായില്ലെന്ന് ബാലകൃഷ്ണൻ പറഞ്ഞു. മരണത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നെങ്കിലും അന്വേഷണം സംബന്ധിച്ച് ഒരു വിവരവും കുടുംബത്തിനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.