ലഡാക്ക് വരെ കാൽനട യാത്ര ചെയ്ത് തിരിച്ചെത്തിയ ദമ്പതികൾക്ക് ആദരം
text_fieldsവളാഞ്ചേരി: ജന്മനാടായ മാവണ്ടിയൂരിൽനിന്ന് ലഡാക്ക് വരെ 3800 കിലോമീറ്റർ ദൂരം കാൽനട യാത്ര ചെയ്ത് തിരിച്ചെത്തിയ ദമ്പതികൾക്ക് നാടിന്റെ ആദരം. സൈനികനും എടയൂർ മാവണ്ടിയൂർ സ്വദേശിയുമായ വളയങ്ങാട്ടിൽ അബ്ബാസ് (34), ഭാര്യ വി. ഷഹന (26) എന്നിവരാണ് 106 ദിവസം കൊണ്ട് കാൽനടയായി ലഡാക്കിൽ പോയി ജന്മനാട്ടിൽ തിരിച്ചെത്തിയത്. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് വൈവിധ്യങ്ങൾ നേരിട്ടു അനുഭവിച്ച് 14 സംസ്ഥാനങ്ങൾ താണ്ടിയാണ് ദമ്പതികൾ ലഡാക്കിലെത്തിയത്.
മക്കളായ ആറ് വയസ്സുകാരൻ യാസീൻ നയ്ബ്, നാല് വയസ്സുകാരി ഹന ഫാത്തിമ എന്നിവരെ വീട്ടുകാരെ ഏൽപ്പിച്ചാണ് യാത്ര ചെയ്തത്.
ദമ്പതികളെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്ന് ജില്ല സൈനിക കൂട്ടായ്മയും വളാഞ്ചേരി ഷട്ടിൽ ക്ലബും സംയുക്തമായി തുറന്ന വാഹനത്തിൽ ബൈക്കുകളുടെയും അനൗൺസ്മെന്റ് വാഹനത്തിന്റെയും അകമ്പടിയോടെ വളാഞ്ചേരിയിലേക്ക് ആനയിച്ചു. തുടർന്ന് വളാഞ്ചേരി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച സ്വീകരണ യോഗം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. എടയൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജാഫർ പുതുക്കുടി, മലപ്പുറം സൈനിക കൂട്ടായ്മ മുഖ്യ രക്ഷാധികാരി സബ് മേജർ ബീരാൻ കുട്ടി പൊന്നാട്, സെക്രട്ടറി ഹരീഷ് വാഴയൂർ, സുബേദാർ സതീഷ് കോട്ടക്കൽ, കെ. മുഹമ്മദ് മുസ്തഫ, എ.എസ്.ഐ ഇഖ്ബാൽ, ഷാജഹാൻ എന്ന മണി, മെഹബൂബ് തോട്ടത്തിൽ, സലാം വളാഞ്ചേരി, കെ.പി. ഫൈസൽ, പി. നാസർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.