മുക്കില പീടിക മുതൽ പേരശ്ശന്നൂർ വരെ റോഡ് നവീകരണം ഇഴയുന്നു
text_fieldsവളാഞ്ചേരി: നവീകരണം ഇഴഞ്ഞു നീങ്ങുന്നതോടെ മുക്കില പീടിക-പേരശ്ശന്നൂർ റോഡിനെ ആശ്രയിക്കുന്നവർ ദുരിതത്തിൽ. നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് മാസങ്ങളായി. മുക്കിലപീടിക, ആലുക്കൽ പടി, മാരായത്ത് പീടിക തുടങ്ങി പേരശ്ശന്നൂർ വരെയുള്ള ഭാഗങ്ങളിലായി പത്തോളം കലുങ്കുകൾ നവീകരണത്തിന്റെ ഭാഗമായി പൊളിച്ച് പുനർനിർമിച്ചു. പക്ഷെ, മറ്റ് ഉപരിതല പ്രവർത്തനങ്ങൾക്ക് വേഗം പോര.
റോഡിന് ഇരുവശത്തുമുള്ളവർ പൊടി ശല്യം കാരണം ദുരിതത്തിലാണ്. മഴ പെയ്താൽ ചെളിക്കുളമായി കാൽനട യാത്രപ്പോലും ദുഷ്കരമാകും. കുഴികൾ കാരണം ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴി പോകാൻ പ്രയാസപ്പെടുകയാണ്. പേരശ്ശന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള നിരവധി വിദ്യാർഥികൾ ആശ്രയിക്കുന്ന റോഡുകൂടിയാണിത്. ദേശീയ പാതയിലെ പ്രധാന ജങ്ഷനുകളിൽ ഒന്നാണ് മുക്കില പീടിക. ഇരിമ്പിളിയം പഞ്ചായത്തിലെ വെണ്ടല്ലൂർ, മങ്കേരി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകേണ്ടവരും ആശ്രയിക്കുന്ന റോഡാണിത്. ദേശീയപാതയിൽ നിന്നും ആരംഭിച്ച് മുക്കിലപ്പീടിക - പേരശ്ശന്നൂർ - എടച്ചലം വഴി കുറ്റിപ്പുറം താലൂക്ക് ആശുപത്രി സമീപം ദേശീയ പാതയിൽ എത്തിച്ചേരുന്ന റോഡിൽ പേരശ്ശന്നൂർ മുതൽ കുറ്റിപ്പുറം വരെയുള്ള ഭാഗം നേരത്തെ നവീകരിച്ചിട്ടുണ്ട്.
അതിനിടെ ജല അതോറിറ്റി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കലും പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി 1,56,69,859 രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. പൈപ്പിടുന്ന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി റോഡ് നവീകരണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നവീകരണം വൈകുന്നതിൽ മുക്കിലപീടിക പൗരസമിതി യോഗം പ്രതിഷേധിച്ചു. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ റോഡ് ഉപരോധമടക്കമുള്ള സമരമാർഗങ്ങൾ നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ഡോ. കെ.ടി. റിയാസ്, വി.പി.എം. സാലിഹ്, യു. മുജീബ് റഹ്മാൻ, നാസർ സീറോ ഔട്ട്, കെ.വി. ഷഫീർ, മുജീബ് പനങ്കാവിൽ, സന്തോഷ്, ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.