വളാഞ്ചേരിയിൽ 16 പേരെ തെരുവുനായ് കടിച്ചു; പൊന്നാനിയിൽ മൂന്ന് ആടുകളെ കൊന്നു
text_fieldsവളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലായി നിരവധി പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. വളാഞ്ചേരി, കാവുംപുറം, കൊട്ടാരം തുടങ്ങി വിവിധയിടങ്ങളിലായി രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേര്‍ക്കാണ് കടിയേറ്റത്. കടിയേറ്റവർ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരൂർ ജില്ല ആശുപത്രിയിലും ചികിത്സ തേടി.
ഞായറാഴ്ച രാവിലെയാണ് തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. വഴിയരികില്‍നിന്നാണ് എല്ലാവര്ക്കും കടിയേറ്റത്. തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തില്‍ കുട്ടികളടക്കമുള്ളവര്‍ ഭീതിയിലാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് മുന്നിലേക്ക് നായ് അപ്രതീക്ഷിതമായി എടുത്തുചാടുന്നത് അപകടങ്ങൾക്കിടയാകുന്നു. തെരുവുനായ് ശല്യം തടയാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പൊന്നാനിയിൽ മൂന്ന് ആടുകളെ നായ്ക്കൾ കൊന്നു
പൊന്നാനി: പൊന്നാനിയിൽ വീണ്ടും തെരുവുനായ് ആക്രമണം. ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്തു. കറുകത്തിരുത്തി അംഗൻവാടിക്ക് സമീപം താമസിക്കുന്ന പോറാടത്ത് റസാഖിന്റെ ഗർഭിണിയായ ആടുകൾ ഉൾപ്പെടെയാണ് ചത്തത്. ഞായറാഴ്ച പുലർച്ചയായിരുന്നു സംഭവം.
കൂട് തകർത്താണ് ആടുകളെ നായ്ക്കൾ ആക്രമിച്ചത്. ഒരു മാസം മുമ്പ് പൊന്നാനി നഗരസഭയിൽ തെരുവുനായ് വന്ധ്യംകരണ വാക്സിനേഷൻ ആരംഭിച്ചിരുന്നെങ്കിലും ദിവസങ്ങൾക്കകംതന്നെ നിലച്ചു. ഈ ഭാഗത്ത് കുട്ടികൾക്ക് നേരെയും നായ്ക്കളുടെ ആക്രമണം പതിവായിരിക്കുകയാണ്. ഇവ കൂട്ടത്തോടെ എത്തിയാണ് ആക്രമിക്കുന്നത്. രാവിലെ ആരാധനാലയങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും കുട്ടികളുൾപ്പെടെയുള്ളവർ ഭയത്തോടെയാണ് പോകുന്നത്. തെരുവുനായുടെ കടിയേറ്റവർക്കുള്ള ധനസഹായവും മുടങ്ങിയിരിക്കുകയാണ്. തെരുവുനായ് നിയന്ത്രണത്തിനുള്ള പദ്ധതികൾ നടപ്പാവാത്തതിൽ പൊതുജനം പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.