തെരുവോരങ്ങളിൽ ഒറ്റപ്പെട്ടവർക്ക് അത്താണിയായി ടീം വളാഞ്ചേരി
text_fieldsവളാഞ്ചേരി: റോഡിൽ അലഞ്ഞുതിരിയുന്ന അശരണരെയും മാനസിക വൈകല്യമുള്ളവരെയും കണ്ടെത്തുകയും അവരെ കുളിപ്പിച്ച് വൃത്തിയാക്കി പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച് അഭയ കേന്ദ്രങ്ങളിലും രോഗബാധിതരെ ആശുപത്രികളിലുമെത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ ടീം വളാഞ്ചേരിയുടെ പ്രവർത്തനം ശ്രദ്ധേയമാവുന്നു.
സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്നവർ ചേർന്ന് ടീം വളാഞ്ചേരി എന്ന പേരിൽ വാട്സ്ആപ് കൂട്ടായ്മയും രൂപവത്കരിച്ചിട്ടുണ്ട്. ഏഴു മാസങ്ങൾക്കു മുമ്പ് മാനസിക വിഭ്രാന്തി പൂണ്ട് ടൗണിലെ ബോർഡുകളും മറ്റും വലിച്ചിട്ട് മാർഗതടസ്സമുണ്ടാക്കിയ അന്തർസംസ്ഥാന തൊഴിലാളിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചതോടെയാണ് ഇവരുടെ പ്രവർത്തനം ആരംഭിച്ചത്. ഇതിനകം 15ഓളം പേരെ വിവിധ ആശുപത്രികളിലും അഭയ കേന്ദ്രങ്ങളിലുമായി ടീം വളാഞ്ചേരി പ്രവർത്തകർ എത്തിച്ചിട്ടുണ്ട്.
അഭയ കേന്ദ്രങ്ങളിലും ആശുപത്രികളിലും എത്തിക്കുക മാത്രമല്ല, ആവശ്യമായിടങ്ങളിൽ ഭക്ഷ്യ വിഭവങ്ങളും വസ്ത്രങ്ങളും മരുന്നുകളും ഉൾപ്പെടെയും നൽകാറുണ്ട്. അസുഖം മാറിയവരെ ബന്ധുക്കളെ കെണ്ടത്തി അവരോടൊപ്പം പറഞ്ഞുവിടുകയും ചെയ്യുന്നുണ്ട്.
ബന്ധുക്കളെ കണ്ടെത്താൻ പൊലീസ്, മഹല്ല് ഭാരവാഹികളുടെ സഹായങ്ങളും ലഭിക്കുന്നുണ്ട്. അഞ്ചു മാസം മുമ്പ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച കൊട്ടാരം സ്വദേശി അസുഖം മാറിയതിനെ തുടർന്ന് ടീമിെൻറ ഇടപെടലിലൂടെ സഹോദരിയുടെ കൂടെ പോവുകയും ചെയ്തു. ബന്ധുക്കൾ ഏറ്റെടുക്കാത്തവരെ സ്വകാര്യ സ്ഥാപനങ്ങളിൽ എത്തിച്ച് സംരക്ഷണം നൽകുന്നു.
ലഹരിക്ക് അടിമപ്പെട്ട് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നവരെ കൗൺസലിങ് നൽകുകയും ഡി-അഡിക്ഷൻ സെൻററുകളിൽ എത്തിക്കുകയും ചെയ്യുന്നു. ഇത്തരം ആളുകൾക്ക് സംരക്ഷണം നൽകുമ്പോൾ നേരിടുന്ന നിയമത്തിെൻറ നൂലാമാലകൾ സുതാര്യമാക്കണമെന്നും തെരുവോരങ്ങളിൽ കഴിയുന്നവർക്ക് താൽക്കാലിക സംരക്ഷണം നൽകാൻ വളാഞ്ചേരിയിൽ അഭയ കേന്ദ്രം ആരംഭിക്കണമെന്നും ടീം വളാഞ്ചേരി പ്രവർത്തകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.