കുരുക്കൊഴിവാക്കാൻ സ്ഥാപിച്ച ഡിവൈഡർ കുരുക്കായി; ഒടുവിൽ നീക്കം ചെയ്തു
text_fieldsവളാഞ്ചേരി: കുരുക്കൊഴിവാക്കാൻ സ്ഥാപിച്ച ഡിവൈഡറിന്‍റെ കുരുക്ക് അഴിച്ചു. വളാഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക് കുറക്കാനായി ജങ്ഷനിൽനിന്ന് തൃശൂർ, കോഴിക്കോട്, പട്ടാമ്പി, പെരിന്തൽമണ്ണ റോഡുകളിൽ ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നു.
എന്നാൽ, റോഡരികിൽ മുന്നറിയിപ്പ് ബോർഡുകളോ, റിഫ്ലക്ടർ സംവിധാനമോ ഇല്ലാതിരുന്നതിനാൽ ഡിവൈഡർ തന്നെ വാഹനങ്ങൾക്ക് കുരുക്കായി. തൃശൂർ റോഡിൽ സ്ഥാപിച്ചവയാണ് കൂടുതൽ അപകടങ്ങൾക്കിടയാക്കിയിരുന്നത്. ഇതിലാണ് കൂടുതൽ വാഹനങ്ങൾ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ കേടുവരുന്നതോടൊപ്പം ഡിവൈഡറുകൾക്ക് സ്ഥാനചലനവും സംഭവിക്കാറുണ്ട്.
ഡിവൈഡറിലെ റിഫ്ലക്ടറുകൾ വാഹനമിടിച്ച് തകരുകയും ചെയ്തിരുന്നു. രാത്രി കാലങ്ങളിലായിരുന്നു കൂടുതൽ അപകടങ്ങളും നടന്നിരുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ ഡിവൈഡറിൽ കാറിടിച്ചിരുന്നു. ദേശീയപാതക്ക് ഇവിടെ പൊതുവെ വീതി കുറവാണ്. ആഴ്ചകൾക്ക് മുമ്പ് ഓട്ടോ ഡിവൈഡറിൽ ഇടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് നിസ്സാര പരിക്കേറ്റിരുന്നു. പ്രതിഷേധത്തെ തുടർന്ന് ദേശീയപാത നിർമാണ കമ്പനി ഡിവൈഡറുകളിൽ റിഫ്ലക്ടറുകൾ സ്ഥാപിച്ചെങ്കിലും ദൂരെ നിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്ന തരത്തിലായിരുന്നല്ല അവ സ്ഥാപിച്ചതെന്ന് അന്നുതന്നെ ആക്ഷേപമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി വീണ്ടും അപകടമുണ്ടായതിനെ തുടർന്ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചെയർമാൻ കൂടിയായ വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ പൊലീസ് അധികൃതരുമായി സംസാരിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെ കരാറുകാർ ഡിവൈഡറുകൾ നീക്കം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.