മുഖ്യമന്ത്രി അറിയാൻ...; ശാപമോക്ഷമാകാതെ കഞ്ഞിപ്പുര-മൂടാൽ ബൈപാസ്
text_fieldsവളാഞ്ചേരി: നിർമാണോദ്ഘാടനം കഴിഞ്ഞ് പത്ത് വർഷത്തിലധികമായിട്ടും കഞ്ഞിപ്പുര-മൂടാൽ ബൈപാസിന് ശാപമോക്ഷമായില്ല. 2013ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. നിർമാണം പൂർത്തിയാക്കാൻ പിന്നീട് അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാറിനും സാധിച്ചില്ല. പിണറായി സർക്കാർ രണ്ടാം കാലയളവിൽ എത്തിയിട്ടും നിർമാണം ഒച്ചിഴയുന്ന അവസ്ഥയിലാണ്.
ആറര കി.മീറ്റർ നീളമുള്ള കഞ്ഞിപ്പുര-മൂടാൽ റോഡ് 15 മീറ്റർ വീതിയിൽ വികസിപ്പിച്ചാണ് ബൈപാസ് നിർമാണം. കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെ റോഡ് വീതികൂട്ടി ഏഴ് മീറ്റർ വീതിയിൽ ടാറിങ് പൂർത്തിയാക്കി. ശേഷിക്കുന്ന അമ്പലപ്പറമ്പ് മുതൽ മൂടാൽ വരെയുള്ള ഭാഗം ഇനിയും പൂർത്തിയാക്കാനുണ്ട്. കാർത്തല ചുങ്കം മുതൽ മൂടാൽ വരെയുള്ള ഭാഗം റോഡ് വീതികൂട്ടി മെറ്റലിങ് പൂർത്തിയായി. അമ്പലപ്പറമ്പ് മുതൽ കാർത്തല ചുങ്കം വരെയുള്ള റോഡിന്റെ മധ്യഭാഗത്ത് ഗതാഗതയോഗ്യമല്ല. ഇവിടെയുള്ള വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിച്ചെങ്കിലും റോഡിന് മധ്യഭാഗത്തുള്ള ജലവിതരണ പൈപ്പ് ലൈനുകൾ പൂർണമായി മാറ്റിയിട്ടില്ല. ഇവ മാറ്റിസ്ഥാപിച്ച് വീതികൂട്ടൽ പൂർത്തിയാക്കാനുണ്ട്.
മഴ പെയ്താൽ റോഡ് ചളിക്കുളമാകും. അല്ലാത്തസമയത്ത് പൊടിമയമാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഈ റോഡിന്റെ ശോചനീയാവസ്ഥയുടെ ഇരകളാണ്. വട്ടപ്പാറ അപകട വളവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന വളാഞ്ചേരി ടൗണും ഒഴിവാക്കി വാഹനങ്ങൾക്ക് കുറഞ്ഞ ദൂരം കൊണ്ട് കുറ്റിപ്പുറത്ത് എത്താനുള്ള പാതയാണിത്. റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം നൽകി സാങ്കേതികത്വങ്ങൾ പരിഹരിച്ച് കഞ്ഞിപ്പുര-മൂടാൽ ബൈപാസ് നിർമാണം അടിയന്തിരമായി പൂർത്തിയാക്കണമെന്നാവശ്യം ശക്തമാണ്. ഇതുസംബന്ധിച്ച് കഞ്ഞിപ്പുര-മൂടാൽ ബൈപാസ് ആക്ഷൻ കമ്മിറ്റി നവകേരള സദസ്സിൽ എത്തിച്ചേരുന്ന മുഖ്യമന്ത്രിക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.