എന്നഴിയും വളാഞ്ചേരിയിലെ ഗതാഗതക്കുരുക്ക്
text_fieldsവളാഞ്ചേരി: കോവിഡ് കാലത്തായാലും അഴിക്കാൻ ശ്രമിക്കുന്തോറും വളാഞ്ചേരിയിലെ ഗതാഗതക്കുരുക്ക് മുറുകുന്നു. പട്ടാമ്പി, കോഴിക്കോട് റോഡുകളിൽ താൽക്കാലിക ഡിവൈഡറുകൾ സ്ഥാപിച്ചിട്ടും അനധികൃത പാർക്കിങ് നിരോധിച്ചിട്ടും വളാഞ്ചേരി നഗരത്തിൽ അനുഭവപ്പെടുന്ന കുരുക്കിന് ഒരു ശമനവുമില്ല. ദേശീയപാത 66ലെ തിരക്കേറിയ നഗരം ഗതാഗതക്കുരുക്കിനു കൂടി കുപ്രസിദ്ധമാണ്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിട്ടു പോലും ദേശീയപാതയിൽ ഉൾപ്പെടെ ടൗണിലെ പ്രധാന റോഡുകളിൽ പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിരയാണ്. ചിലപ്പോൾ മണിക്കൂറുകളോളം ടൗൺ ഗതാഗതക്കുരുക്കിൽ അകപ്പെടും.
ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവർ ദുരിതം അനുഭവിക്കേണ്ടി വരുന്നു. അത്യാസന്ന നിലയിലുള്ള രോഗികളുമായി പോകുന്ന ആംബുലൻസുകൾ വരെ ഈ കുരുക്കിൽ കുരുങ്ങിക്കിടക്കാറുമുണ്ട്. കുരുക്കഴിക്കാൻ പ്രായോഗിക നടപടി വേണമെന്ന് വർഷങ്ങളായി ആവശ്യമുയരുന്നുണ്ട്. നഗരസഭയും ഹൈവേ സുരക്ഷ ജാഗ്രത സമിതിയും പൊലീസുമെല്ലാം പലവട്ടം ശ്രമിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല. ദേശീയപാത ഉൾപ്പെടെ പ്രധാനപ്പെട്ട റോഡുകൾക്ക് വീതിയില്ലാത്തതും ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് തടസ്സമാണ്. കോഴിക്കോട് റോഡിൽനിന്ന് പെരിന്തൽമണ്ണ റോഡിലേക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഏർപ്പെടുത്തുന്നതിന് ഇവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോകൾ മാറ്റിയെങ്കിലും വാഹനങ്ങൾ തോന്നിയതു പോലെ പോവുന്നതിനാൽ കാര്യമായ പ്രയോജനമുണ്ടായിട്ടില്ല. കോഴിക്കോട്- പെരിന്തൽമണ്ണ റോഡുകളെ ബന്ധിപ്പിക്കുന്ന വൈക്കത്തൂർ റോഡ്, പട്ടാമ്പി, തൃശൂർ റോഡുകളെ ബന്ധിപ്പിക്കുന്ന കരിങ്കല്ലത്താണി -മൂച്ചിക്കൽ റോഡ് എന്നിവ വീതി കൂട്ടി ബൈപാസ് ആക്കുന്ന പ്രവർത്തനവും ഫലവത്താകുന്നില്ല. നഗരത്തിലെ കുരുക്കിന് പരിഹാരമാവുന്ന കഞ്ഞിപ്പുര -മൂടാൽ ബൈപാസ് നിർമാണവും ഇഴഞ്ഞുനീങ്ങുന്നു. കഞ്ഞിപ്പുര മുതൽ അമ്പല പറമ്പ് വരെ സ്ഥലമേറ്റെടുത്ത് വീതി കൂട്ടിയെങ്കിലും പദ്ധതി എന്ന് പൂർത്തിയാവുമെന്ന് ആർക്കും പറയാനാവില്ല. ഭരണ -പ്രതിപക്ഷ നേതാക്കളും ജനപ്രതിനിധികളും ഇടക്കിടെ സ്ഥലം സന്ദർശിച്ച് നൽകുന്ന ഉറപ്പിൽ മാത്രമാണ് ജനങ്ങളുടെ ഏക പ്രതീക്ഷ.
പെരുന്നാൾ സീസൺ ആരംഭിച്ചതോടെ ഒട്ടനവധി പേരാണ് സ്വകാര്യ വാഹനങ്ങളിലും മറ്റുമായി വളാഞ്ചേരി നഗരത്തിലെത്തുന്നത്. മറ്റു ദിവസങ്ങളിൽ ഗതാഗതക്കുരുക്കുണ്ടെങ്കിലും വെള്ളിയാഴ്ചകളിൽ രൂക്ഷമാവും. ജങ്ഷനിലെ ഒട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം സ്ഥാപിക്കുന്ന പ്രവർത്തനം ലോക്ഡൗണിൽപ്പെട്ടതിനാൽ പൂർത്തീകരിക്കപ്പെട്ടിട്ടില്ല. ടൗണിലെ ഇടറോഡുകൾ വീതികൂട്ടി ബൈപാസ് ആക്കി ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.