ഇന്ന് മുതൽ വളാഞ്ചേരി ടൗണിൽ ഗതാഗത പരിഷ്കാരം
text_fieldsവളാഞ്ചേരി: രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിെൻറ ഭാഗമായി വെള്ളിയാഴ്ച മുതൽ വളാഞ്ചേരി ടൗണിൽ ഗതാഗത പരിഷ്കാരങ്ങൾ നിലവിൽവരും. വളാഞ്ചേരി ജങ്ഷൻ മുതൽ 100 മീറ്റർ ചുറ്റളവിൽ വാഹനങ്ങൾ നിർത്തിയിടുന്നത് നിരോധിക്കും.
തൃശൂർ റോഡിൽ പെട്രോൾ പമ്പ് വരെയും പട്ടാമ്പി റോഡിൽ ബസ് കാത്തിരിപ്പുകേന്ദ്രം വരെയും പെരിന്തൽമണ്ണ റോഡിൽ ബസ് സ്റ്റാൻഡ് കവാടം വരെയും നോ പാർക്കിങ് മേഖലയാക്കും.
കോഴിക്കോട് റോഡിൽ ബസ് കാത്തിരിപ്പുകേന്ദ്രം വരെ നിലവിലുള്ള ഓട്ടോ പാർക്കിങ് നിലനിർത്തി മറ്റ് വാഹനങ്ങൾ നിർത്തിയിട്ടുപോവുന്നത് നിരോധിക്കും. നോ പാർക്കിങ് മേഖലയിൽ വാഹനങ്ങൾ നിർത്തിയിട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ഗതാഗത പരിഷ്കരണ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഒാട്ടോ, ബസ് തൊഴിലാളികൾ, ബസ് ഉടമസ്ഥ സംഘം തുടങ്ങിയവർ പങ്കെടുത്തു. വ്യാഴാഴ്ച രാത്രിയോടുകൂടി നഗരത്തിലെ വിവിധ മേഖലകളിൽ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു.
നേരത്തേ ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ദേശീയപാതയിൽ ഉൾപ്പെടെ പ്രധാന റോഡുകളിൽ കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നു.
നഗരത്തിൽ എത്തുന്ന സ്വകാര്യ വാഹനങ്ങൾ നിർത്തിയിടാൻ കോഴിക്കോട് റോഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നഗരസഭയുടെ അംഗീകാരത്തിന് വിധേയമായി പേ പാർക്കിങ് സംവിധാനം വെള്ളിയാഴ്ച ആരംഭിക്കും. പേ പാർക്കിങ് സംവിധാനത്തിെൻറ ഉദ്ഘാടനം നഗരസഭ ചെയർമാൻ വെള്ളിയാഴ്ച രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.