അസൗകര്യങ്ങളിൽ വീർപ്പുമുട്ടി വളാഞ്ചേരി ബസ് സ്റ്റാൻഡ്
text_fieldsവളാഞ്ചേരി: മൂന്നരപ്പതിറ്റാണ്ട് മുമ്പ് പണിത വളാഞ്ചേരി ബസ് സ്റ്റാൻഡ് അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നു. അനധികൃത പാർക്കിങ്ങും, അസൗകര്യങ്ങളും മൂലം ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ ദുരിതം പേറുകയാണ്. സ്റ്റാൻഡിന് ഉൾക്കൊള്ളുന്നതിനേക്കാൾ ബസുകളുടെ എണ്ണം വർധിച്ചു.
വിവിധ സമയങ്ങളിലായി 160 ഓളം ബസുകൾ സ്റ്റാൻഡിൽ കയറി ഇറങ്ങുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള സൗകര്യങ്ങൾ ഇവിടെയില്ല. ബസ് ബേയോട് ചേർന്ന് 13 ബസുകൾ നിർത്തിയിടാനുള്ള ട്രാക്ക് മാത്രമേ ഉള്ളൂ.
വിവിധ പ്രദേശങ്ങളിലേക്ക് ഒരേ സമയം പോവേണ്ട ബസുകളുടെ എണ്ണം വർധിച്ചതോടെ ബസ് ബേയുടെ എതിർ ഭാഗത്തും ട്രാക്ക് വരച്ച് ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയാണ്. നേരത്തെ ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കയറിയിരുന്നുവെങ്കിലും ഇപ്പോൾ ദേശീയപാതയിലെ കോഴിക്കോട് റോഡിലാണ് നിർത്തുന്നത്.
ഗ്രാമീണ മേഖലകളിൽ നിന്നും വരുന്ന യാത്രക്കാർ സ്റ്റാൻഡിലിറങ്ങി എസ്.ബി.ഐക്ക് സമീപമുള്ള സ്റ്റോപ്പിലെത്തി വേണം ദീർഘദൂര ബസ് കയറാൻ. സ്റ്റാൻഡിൽ പൊലീസ് സഹായ കേന്ദ്രം ഉണ്ടെങ്കിലും പൊലീസുകാരുടെ എണ്ണക്കുറവ് കാരണം പ്രവർത്തനം പരിമിതമാണ്.
ശൗചാലയം ഉണ്ടെങ്കിലും ഒന്നാം നിലയിലായതിനാൽ സ്ത്രീകളും, വയോജനങ്ങളും ഏറെ പ്രയാസപ്പെടുകയാണ്. പെരിന്തൽമണ്ണ റോഡിൽ നിന്ന് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടം ഇടുങ്ങിയതായതിനാൽ ബസ് സ്റ്റാൻഡിലേക്ക് കയറുമ്പോൾ കാൽനടയാത്രക്കാർ ഓടിമാറേണ്ട അവസ്ഥയാണ്.
തലങ്ങും വിലങ്ങുമായി നിർത്തിയിട്ട ബസുകൾക്കിടയിൽക്കൂടിയാണ് വാഹനത്തിൽ കയറിപ്പറ്റാനുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ നെട്ടോട്ടം.
ടൗണിലെ ഗതാഗതക്കുരുക്ക് കാരണം ട്രിപ്പ് മുടങ്ങാതിരിക്കാൻ ബസുകൾക്ക് 20 മിനിറ്റ് നേരം സ്റ്റാൻഡിൻ നിർത്തിയിടാൻ അനുവാദം ഉണ്ടെന്ന് പ്രൈവറ്റ് ബസ് ഓപ്പറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് കുഞ്ഞുമൊയ്തീൻ തോട്ടത്തിൽ പറഞ്ഞു. അതിൽ കൂടുതൽ സമയം ബസുകൾ നിർത്തിയിടുന്നത് അസോസിയേഷൻ തീരുമാനപ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ബസ് സ്റ്റാൻഡ് നിർമാണം വേഗത്തിലാക്കണമെന്നാവശ്യം
വളാഞ്ചേരിയിൽ പുതിയ ബസ് സ്റ്റാൻഡ് എന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. കോഴിക്കോട് റോഡിൽ കൂഴക്കുന്നിന്‍റെ താഴ് വരയിൽ പുതിയ ബസ് സ്റ്റാൻഡ് നിർമാണ പ്രവർത്തനങ്ങൾ വർഷങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം കുന്നിടിച്ച് മണ്ണെടുക്കലിലും മറ്റും ഒതുങ്ങിയതായി നാട്ടുകാർ പറയുന്നു.
അന്നത്തെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിന് ടെൻഡർ നടപടികൾ സ്വീകരിക്കുകയും സ്റ്റാൻഡ് നിർമിച്ച് ഗ്രാമ പഞ്ചായത്തിന് കൈമാറണമെന്ന നിബന്ധന വെക്കുകയും ചെയ്തിരുന്നു.
ഈ കരാർ പാലിക്കപ്പെടാതെ അനന്തമായി നീളുകയായിരുന്നു. അതേസമയം, ചർച്ചകൾ നടത്തി പുതിയ ബസ് സ്റ്റാൻഡ് യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്ന് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.