വട്ടം കറക്കി വട്ടപ്പാറ
text_fieldsവളാഞ്ചേരി: ദേശീയപാത 66ൽ സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ ഇറക്കത്തിൽ സംരക്ഷണ ഭിത്തി തകർന്നതോടെ വാഹനങ്ങൾ താഴ്ചയിലേക്ക് മറിയൽ പതിവാകുന്നു. കൊടുംവളവിനോട് ചേർന്ന് നിർമിച്ച സുരക്ഷ ഭിത്തിയുടെ ഒരു ഭാഗം തകർന്നിട്ട് മാസങ്ങളായി. ഇറക്കത്തിൽനിന്ന് നിയന്ത്രണം വിട്ട് വരുന്ന വാഹനങ്ങൾ മുഖ്യ വളവിലെ 30 അടി താഴ്ചയിലേക്ക് മറിയുന്നത് തടയാനാണ് റോഡരികിൽ ഭിത്തി നിർമിച്ചിരുന്നത്.
കരിങ്കല്ലിൽ നിർമിച്ച ഇതിൽ നിരന്തരം വാഹനങ്ങൾ ഇടിച്ചതോടെ ഒരു ഭാഗം തകരുകയായിരുന്നു. കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട ചരക്ക് ലോറി താഴ്ചയിലേക്ക് മറിഞ്ഞതും ഇതുവഴിയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ കമ്പിയുമായി പോകുന്ന ലോറി ഭിത്തി തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. കമ്പികൾ നീക്കം ചെയ്തെങ്കിലും തകർന്ന ലോറി താഴെയുള്ള പറമ്പിൽനിന്ന് ഇപ്പോഴും മാറ്റിയിട്ടില്ല. പാചക വാതകങ്ങളുമായി പോകുന്ന ടാങ്കർ ലോറികൾ താഴ്ചയിലേക്ക് മറിഞ്ഞ് വാതക ചോർച്ച ഉൾപ്പെടെ ഉണ്ടാവാറുണ്ട്. ഇവയിൽ നിന്നുള്ള വാതകം സുരക്ഷിതമായി മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നത് വരെ പ്രദേശവാസികൾ ദുരിതത്തിലായിരിക്കും.
റോഡ് സുരക്ഷ അതോറിറ്റി 25 ലക്ഷത്തോളം രൂപ ചെലവഴിച്ച് രണ്ട് വർഷം മുമ്പാണ് ഒന്നര മീറ്റർ വീതിയിൽ ഭിത്തി പുനർനിർമിച്ചത്. സുരക്ഷ കൂട്ടുന്നതിെൻറ ഭാഗമായി റോഡിനോട് ചേർന്ന തറനിരപ്പ് മുതൽ ഭിത്തിയുടെ മുകൾഭാഗം വരെ കമ്പികൾ പാകി കോൺക്രീറ്റ് ചെയ്യുകയും ചെയ്തിരുന്നു. അതോടൊപ്പം ഭിത്തിയുടെ മുകളിൽ പെയിൻറടിച്ച് ചിഹ്നങ്ങളും ബോർഡുകളും സ്ഥാപിക്കുകയും ചെയ്തു. ഭിത്തി ബലപ്പെടുത്തിയ ആദ്യ നാളുകളിൽ നിയന്ത്രണം നഷ്ടപ്പെട്ടു വന്നിരുന്ന വാഹനങ്ങൾ ഭിത്തിയിലിടിച്ച് റോഡരികിൽ തന്നെ മറിയുകയായിരുന്നു.
തകർന്ന കരിങ്കൽ ഭിത്തി സുരക്ഷിതമാക്കി ഇരുമ്പു കൊണ്ടുള്ള ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. വളാഞ്ചേരി നഗരസഭയും പൊലീസും സംയുക്തമായി വട്ടപ്പാറ മുകൾ ഭാഗം മുതൽ പ്രധാന വളവ് വരെ ദിശാബോർഡുകളും അപകട മുന്നറിയിപ്പ് ബോർഡുകളും മൂന്ന് നിറങ്ങളിൽ ബ്ലിങ്കർ ലൈറ്റുകളുമെല്ലാം സ്ഥാപിച്ചിട്ടുണ്ട്. സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്. എന്നാൽ, വാഹനാപകടത്തിന് ഒരു കുറവുമില്ല. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ദീർഘദൂര വാഹനങ്ങളാണ് പ്രധാനമായും അപകടത്തിൽപ്പെടുന്നത്. വട്ടപ്പാറ ഇറക്കം ഒഴിവാക്കി യാത്ര ചെയ്യാവുന്ന കഞ്ഞിപ്പുര-മൂടാൽ ബൈപാസ് മാറിമാറി വന്ന സംസ്ഥാന സർക്കാറുകൾ പ്രവർത്തനോദ്ഘാടനം നടത്തിയെന്നല്ലാതെ നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.