പല പല ചിഹ്നം കാണുമ്പോൾ...
text_fieldsവളാഞ്ചേരി: നഗരസഭ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളുടെയും സ്വതന്ത്ര സ്ഥാനാർഥികൾക്ക് ലഭിച്ച ചിഹ്നങ്ങൾ പരസ്പരം പാരയായി മാറുമോ എന്ന ആശങ്കയിലാണ് മുന്നണികളും സ്ഥാനാർഥികളും. നഗരസഭയിലെ 33 വാർഡുകളിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന 21 ഇടത്തും പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ കോണിയാണ് തെരഞ്ഞെടുത്തത്. 10 വാർഡിൽ മത്സരിക്കുന്ന കോൺഗ്രസ് ഒരു വാർഡിൽ ഒഴികെ മറ്റെല്ലായിടത്തും കൈയാണ് ചിഹ്നമായി തെരഞ്ഞെടുത്തത്. യു.ഡി.എഫ് പിന്തുണയിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടി രണ്ട് വാർഡുകളിലും സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
എൽ.ഡി.എഫ്, വി.ഡി.എഫ് (വളാഞ്ചേരി ഡെവലപ്മെൻറ് ഫോറം) മുന്നണിയിൽ സി.പി.എം മത്സരിക്കുന്ന 20 വാർഡുകളിൽ ആറിടത്ത് മാത്രമേ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രം തെരഞ്ഞെടുത്തിട്ടുള്ളൂ. മറ്റ് വാർഡുകളിൽ സ്വതന്ത്ര ചിഹ്നങ്ങളാണ് തെരഞ്ഞെടുത്തത്. മുന്നണിയിലുള്ള എൻ.സി.പി മത്സരിക്കുന്ന ഒരു വാർഡിൽ പാർട്ടി ചിഹ്നമായ നാഴികമണി തെരഞ്ഞെടുത്തപ്പോൾ, സി.പി.ഐ മത്സരിക്കുന്ന ഒരു വാർഡിലും വി.ഡി.എഫ് മത്സരിക്കുന്ന 10 വാർഡുകളിലും സ്വതന്ത്ര ചിഹ്നത്തിലാണ് ജനവിധിതേടുന്നത്. എൽ.ഡി.എഫ്, വി.ഡി.എഫ് മുന്നണി 17 വാർഡുകളിൽ കപ്പും സോസറും ചിഹ്നമായി തെരഞ്ഞെടുത്തപ്പോൾ, എട്ടു വാർഡുകളിൽ ഓട്ടോറിക്ഷയാണ് ചിഹ്നമായി ലഭിച്ചത്. ഇവിടങ്ങളിൽ കപ്പും സോസറും മറ്റുള്ളവർ കൊണ്ടുപോയി. ഒരു വാർഡിൽ എൽ.ഡി.എഫ് കാമറയും ചിഹ്നമായി തെരഞ്ഞെടുത്തിട്ടുണ്ട്. സ്വതന്ത്രചിഹ്നം തെരഞ്ഞെടുത്തവരിൽ പാർട്ടികളുടെയും പോഷക സംഘടനയുടെ ഔദ്യോഗിക സ്ഥാനത്തുള്ളവരും ഉണ്ട്.
യു.ഡി.എഫ്, വെൽഫെയർ പാർട്ടി മുന്നണിയിൽ ഉൾപ്പെട്ട സ്ഥാനാർഥികളിൽ ഒരാൾ കുടയും രണ്ടുപേർ ഓട്ടോറിക്ഷയുമാണ് ചിഹ്നമായി തെരഞ്ഞെടുത്തത്. യു.ഡി.എഫ് സ്ഥാനാർഥികളിൽ ബഹുഭൂരിപക്ഷത്തിനും ചിഹ്നം വോട്ടർമാരെ പരിചയപ്പെടുത്തുന്നതിന് പ്രശ്നമാകില്ലെങ്കിലും തങ്ങളുടെ ചിഹ്നത്തോട് സാമ്യമുള്ള അപരന്മാരുടെ ചിഹ്നങ്ങൾ പാരയായി മാറുമോ എന്ന ആശങ്കയുണ്ട്. സി.പി.എം വിമതരായി മത്സരിക്കുന്ന മൂന്നുപേരിൽ രണ്ടുപേർക്ക് കപ്പും സോസറും ഒരാൾക്ക് ഓട്ടോറിക്ഷയുമാണ് ചിഹ്നമായി ലഭിച്ചത്. അതിനിടെ ചില വാർഡുകളിലെ അപരന്മാർക്കും കപ്പും സോസറും ഓട്ടോറിക്ഷയും ലഭിച്ചപ്പോൾ മറ്റുചിലർ പാർട്ടികളുടെ ഔദ്യോഗിക ചിഹ്നത്തോട് സാമ്യമുള്ള സ്വതന്ത്രചിഹ്നങ്ങൾ തെരഞ്ഞെടുത്തത് ചിഹ്നം മാറി വോട്ടുചെയ്യുമോ എന്ന ആശങ്കയിലാണ് മുന്നണിസ്ഥാനാർഥികൾ.
അപരൻമാർക്കും ഇരുമുന്നണികളുടെയും പിന്തുണയില്ലാത്ത സ്വതന്ത്രർമാർക്കും വോട്ട് മാറി ചെയ്യുന്നത് ഒഴിവാക്കാൻ വോട്ടർമാരെ പഠിപ്പിക്കാനാണ് ഇനിയുള്ള ദിവസങ്ങളിൽ സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും ശ്രമിക്കുക. അശ്രദ്ധകാരണം വോട്ടുകൾ മാറി ചെയ്തു പോവാതിരിക്കാൻ ചിഹ്നങ്ങൾ വോട്ടർമാരുടെ മനസ്സുലറപ്പിക്കുന്നതിന് വൈവിധ്യമാർന്ന പ്രചാരണ പരിപാടികളും തന്ത്രങ്ങളുമായി ഇതിനകം സ്ഥാനാർഥികളും പാർട്ടിപ്രവർത്തകരും രംഗത്തിറങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.