വലിയതോട് നവീകരണം: സർവേ ആരംഭിച്ചു
text_fieldsമലപ്പുറം: കോട്ടപ്പടി വലിയതോട് നവീകരണ പ്രവൃത്തികളുടെ ഭാഗമായി തോട് കടന്നുപോകുന്ന ഭാഗത്തെ സർവേ ആരംഭിച്ചു. ബുധനാഴ്ച രാവിലെ 10.30 ഓടെ മച്ചിങ്ങൽ ബൈപാസിന് സമീപത്തെ പാലത്തിന് അടുത്താണ് ഡിജിറ്റൽ സർവേ വിഭാഗത്തിന്റെ നേതൃത്വത്തിൽ സർവേ തുടങ്ങിയത്. വാറങ്കോടിലെ സ്വകാര്യ ആശുപത്രിയുടെ അടുത്ത് വരെ തോടിന്റെ ഇരു വശങ്ങളും സംഘം സർവേ നടത്തി. അടുത്ത ദിവസങ്ങളിലും സർവേ തുടരും. മച്ചിങ്ങൽ ബൈപ്പാസ് മുതൽ വലിയങ്ങാടി കല്ലാപാറ വരെയാണ് സർവേ നടക്കുക. സർവേയിലൂടെ ലഭിക്കുന്ന തോടിന്റെ വീതി പ്രകാരം നഗരസഭ വിശദപദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കും.
തോട് നവീകരണത്തിന്റെ ഭാഗമായി തോട് കടന്ന് പോകുന്ന ഭാഗത്തെ ഭൂഉടമകളുമായി ജനകീയ ആക്ഷൻ കമ്മിറ്റി അംഗങ്ങളുടെ ചർച്ച നടത്തിയിരുന്നു. നേരത്തെ തോടിന്റെ അതിരുകൾ ഉറപ്പ് വരുത്താൻ മലപ്പുറം വില്ലേജിൽനിന്ന് തോടിന്റെ സ്കെച്ച് ശേഖരിച്ചിരുന്നു. ജനകീയ ആക്ഷൻ കമ്മിറ്റി സെപ്റ്റംബർ 11ന് ചേർന്ന യോഗത്തിന് ശേഷമാണ് അപേക്ഷ നൽകി സ്കെച്ച് ശേഖരിച്ചത്. തോട് സ്കെച്ച് പ്രകാരമാണ് ബന്ധപ്പെട്ട ചർച്ച നടത്തുന്നത്. നേരത്തെ വലിയതോട് കടന്ന് പോകുന്ന പാണക്കാട്-മലപ്പുറം വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലത്തെ റീസർവേ അധികൃതർ പൂർത്തിയാക്കിയിരുന്നു.
മേൽമുറി ഭാഗത്തെ തോടിന്റെ റീസർവേ പൂർത്തീകരിച്ചിട്ടില്ല. മഴ പെയ്താൽ വലിയതോടും പരിസരത്തും വെള്ളക്കെട്ട് രൂക്ഷമായതോടെയാണ് തോട് നവീകരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യവുമായി ജനകീയ ആക്ഷൻ കമ്മിറ്റി രംഗത്ത് വന്നത്. ഇക്കഴിഞ്ഞ ജൂലൈ അവസാനത്തിൽ പെയ്ത കനത്ത മഴയിലും സ്ഥിതി ഗുരുതരമായിരുന്നു. തോട് നവീകരണ പ്രവൃത്തികൾക്ക് 2022-‘23 വർഷത്തെ കേന്ദ്ര നഗരസഞ്ചയം പദ്ധതി ഫണ്ടിലാണ് തുക വകയിരുത്തുക. പൂക്കോട്ടൂർ പിലാക്കൽ മുതൽ വലിയങ്ങാടി കല്ലാപാറ വരെ 8.45 കിലോ മീറ്റർ നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. കൂടാതെ തോടിന് വശങ്ങളിലായി സൈക്കിൾ പാത, നടപാത, ഇരിപ്പിടങ്ങൾ, മിനി പാർക്കുകൾ എന്നിവയും നടപ്പിലാക്കാൻ അധികൃതരുടെ തീരുമാനം. നേരത്തെ ഈ ആവശ്യം ചൂണ്ടിക്കാട്ടി നഗരസഭ താലൂക്ക് സർവേക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ സർവേ വിഭാഗത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായിരുന്നില്ല. ആക്ഷൻ കമ്മിറ്റി കൂടി രംഗത്ത് വന്നതോടെ പ്രവർത്തനങ്ങൾ വേഗത്തിലായി. സർവേ പ്രവർത്തനങ്ങൾക്ക് കൗൺസിലർ സി. സുരേഷ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.