മഹാകവി വള്ളത്തോളിെൻറ സ്മരണക്കായി മംഗലത്ത് പുഴയോര പൂങ്കാവനം ഉയരുന്നു
text_fieldsപുറത്തൂർ: മഹാകവി വള്ളത്തോളിെൻറ ജന്മനാടായ മംഗലത്ത് കവിക്ക് സ്മാരകമുയരുന്നു. മംഗലം പഞ്ചായത്തിെൻറ നേതൃത്വത്തിലാണ് തിരൂർ-പൊന്നാനി പുഴയോരത്ത് മഹാകവിയുടെ ഓർമക്കായി സ്മാരകമുണ്ടാക്കുന്നത്.
കവിയുടെ ജന്മനാടായ തിരൂരിനടുത്ത് മംഗലം ചേന്നരയിലെ പെരുന്തിരുത്തി-വാടിക്കടവ് തൂക്കുപാലത്തിന് സമീപമാണ് പുഴയോര പൂങ്കാവനം ഉയരുന്നത്. മുട്ടന്നൂരിലെ പൊതുപ്രവർത്തകൻ സലാം പൂതേരി സൗജന്യമായി വിട്ടു നൽകിയ സ്ഥലത്താണ് സ്മാരകം നിർമിക്കുക.
ഇതിനായി പഞ്ചായത്ത് ആദ്യഘട്ടത്തിൽ 14 ലക്ഷം രൂപ വിലയിരുത്തി നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പതിവ് സ്മാരക നിർമാണ ശൈലിയിൽ നിന്ന് വ്യത്യസ്തമായ ആശയമാണ് ഇവിടെ നടപ്പിലാക്കുന്നത്. മഹാകവിയുടെ നിരവധി കവിതകൾക്ക് പശ്ചാത്തലമായിട്ടുള്ളതാണ് തിരൂർ-പൊന്നാനിപ്പുഴ. പുഴയുടെ സൗന്ദര്യം ആസ്വദിക്കാവുന്ന തരത്തിലാണ് സ്മാരകത്തിെൻറ നിർമാണ രീതി. നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല.
സന്നദ്ധസംഘടനകളുടെ സഹകരണത്തോടു കൂടിയാണ് പദ്ധതി പൂർത്തിയാക്കുകയെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഹാജറ മജീദ് പറഞ്ഞു.
ഓപ്പൺ ലൈബ്രറി, ആംഫി തിയറ്റർ, ഇമേജ് ഗാലറി, കവിതാ സ്തൂപം, ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ, ഹട്ടുകൾ എന്നിവ സ്ഥാപിക്കും. സായാഹ്ന സവാരിക്കുള്ള സൗകര്യമുണ്ടാകും. വയോജനങ്ങൾക്കായുള്ള പദ്ധതിയുമുണ്ടാകും.
രണ്ടാംഘട്ടത്തിൽ പഴയ പെരുന്തിരുത്തി വാടിക്കടവിൽ തോണിയടുപ്പിച്ച ഭാഗത്ത് ബോട്ട് ജെട്ടി നിർമാണം, കുട്ടികൾക്ക് കളിയുപകരണങ്ങൾ സ്ഥാപിക്കൽ എന്നിവയുമുണ്ടാകും. സോളാർ വൈദ്യുതി പദ്ധതി പ്രയോജനപ്പെടുത്താനുള്ള സാധ്യതയും മംഗലം പഞ്ചായത്ത് ഭരണസമിതി തേടുന്നുണ്ട്.
1878 ഒക്ടോബർ 16ന് മംഗലം ചേന്നരയിലെ കൊണ്ടയൂർ തറവാട്ടിലാണ് മഹാകവി വള്ളത്തോൾ നാരായണ മേനോൻ ജനിച്ചത്. വിവാഹശേഷം ജോലിയാവശ്യാർഥം വന്നേരിയിലും തൃശൂരിലും കുന്ദംകുളത്തും കവി ഏറെക്കാലം താമസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.