വള്ളിക്കുന്ന് മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾക്ക് 338 കോടിയുടെ ഭരണാനുമതി
text_fieldsവള്ളിക്കുന്ന്: നിയോജക മണ്ഡലത്തിലെ രണ്ട് വൻകിട കുടിവെള്ള പദ്ധതികൾക്ക് 338.06 കോടിയുടെ ഭരണാനുമതി ലഭിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. ചേലേമ്പ്ര, മൂന്നിയൂർ, തേഞ്ഞിപ്പലം, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തുകൾക്കും കാലിക്കറ്റ് സർവകലാശാലക്കും വേണ്ടി രൂപകൽപന ചെയ്ത പദ്ധതിക്ക് ജൽജീവൻ മിഷൻ പദ്ധതിയിൽ 285.78 കോടിയുടെയും പെരുവള്ളൂർ പഞ്ചായത്ത് കുടിവെള്ള പദ്ധതിക്ക് 52.28 കോടിയുടെയും ഭരണാനുമതിയാണ് ലഭിച്ചത്. ഇനി സാങ്കേതികാനുമതിയും ടെൻഡർ നടപടിയും സ്വീകരിക്കാനാകും.
പദ്ധതി ചെലവിെൻറ 50 ശതമാനം കേന്ദ്ര സർക്കാറും 25 ശതമാനം സംസ്ഥാന സർക്കാറും 15 ശതമാനം പഞ്ചായത്തും 10 ശതമാനം ഗുണഭോക്താക്കളുമാണ് വഹിക്കുക. പദ്ധതി വരുന്നതോടെ വള്ളിക്കുന്ന്, തേഞ്ഞിപ്പലം, ചേലേമ്പ്ര മൂന്നിയൂർ പഞ്ചായത്തുകളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. ചാലിയാർ പുഴയിലെ വാഴക്കാട് മുണ്ടുമുഴിയിൽ പമ്പ്ഹൗസ് സ്ഥാപിച്ച് വിരിപ്പാടം-ആക്കോട്-അരൂർ-പള്ളിവളവ്-ഐക്കരപ്പടി-കാക്കഞ്ചേരി വഴി കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ശുചീകരണ ശാലയിലേക്കും പിന്നീട് ജല വിതരണ സംഭരണിയിലേക്കുമാണ് വെള്ളമെത്തിക്കുക.
പദ്ധതിക്കായി സർവകലാശാലയോട് 1.50 ഏക്കർ സ്ഥലം ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് സ്ഥലം ഉടമസ്ഥാവകാശം നൽകാതെ പദ്ധതിക്കായി വിട്ടുനൽകാൻ സർവകലാശാല തയാറായിട്ടുണ്ട്. സാങ്കേതികവിഭാഗങ്ങൾ സംയുക്ത പരിശോധന നടത്തി യോജിച്ച സ്ഥലം കൈമാറും. അതേസമയം, പദ്ധതിക്കായി വള്ളിക്കുന്ന്, പെരുവള്ളൂർ പഞ്ചായത്തുകളിൽ സ്ഥലം ഏറ്റെടുത്ത് ജലവിഭവ വകുപ്പിന് കൈമാറേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ ത്വരിതപ്പെടുത്താൽ പഞ്ചായത്തുതലത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കുമെന്ന് എം.എൽ.എ അറിയിച്ചു. പള്ളിക്കലിൽ അവലോകന യോഗം 28ന് രാവിലെ 10ന് പഞ്ചായത്ത് ഹാളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.