അരിയല്ലൂർ മിനി സ്റ്റേഡിയം: രണ്ടാംഘട്ട പ്രവൃത്തി പുരോഗമിക്കുന്നു
text_fieldsവള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിലെ അരിയല്ലൂർ നിവാസികളായ കായികപ്രേമികളുടെ ചിരകാല സ്വപ്നമായിരുന്ന മിനി സ്റ്റേഡിയം നിർമാണത്തിന്റെ രണ്ടാംഘട്ടം പുരോഗമിക്കുന്നു. 2004ൽ ഒന്നര എക്കറോളം ഭൂമി ഗ്രാമപഞ്ചായത്ത് വില നൽകി വാങ്ങിയെങ്കിലും സ്റ്റേഡിയം എന്നത് സ്വപ്നം മാത്രമായി ഒതുങ്ങി. സ്റ്റേഡിയത്തിനായി തെരഞ്ഞെടുത്ത സ്ഥലം താഴ്ന്ന പ്രദേശം ആയതിനാൽ വർഷത്തിൽ എട്ട് മാസവും വെള്ളക്കെട്ട് എന്നതായിരുന്നു പ്രധാന വെല്ലുവിളി. ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 20 ലക്ഷം രൂപ ചെലവഴിച്ച് മണ്ണിട്ട് ഉയർത്തുകയും ഡ്രൈനേജ് നിർമിക്കുകയും ചെയ്തു.
ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് 1.10 കോടി രൂപ വകയിരുത്തിയുള്ള ബാക്കി പ്രവൃത്തികളാണ് നടക്കുന്നത്. സ്റ്റേഡിയം മണ്ണിട്ട് ഉയർത്തൽ, ഗാലറി നിർമാണം, ഫ്ലെഡ് ലൈറ്റ് സംവിധാനം, ഓപൺ ജിം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ അറിയിച്ചു. ആറുമാസം കൊണ്ട് മിനി സ്റ്റേഡിയം യാഥാർഥ്യമാക്കുമെന്ന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അസി. എൻജീനിയർ എൻ.വി. ബിപിൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.