കനോലി കനാലിന് കുറുകെ പാലങ്ങള്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ അടുത്തയാഴ്ച യോഗം ചേരും
text_fieldsവള്ളിക്കുന്ന്: കനോലി കനാലിന് കുറുകെയുള്ള പാലങ്ങള്‍ പുതുക്കിപ്പണിയാനാവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിെൻറ അധ്യക്ഷതയില്‍ അടുത്തയാഴ്ച ഓണ്‍ലൈൻ യോഗം ചേരും.
ചേലേമ്പ്ര-കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാറക്കടവ് പാലം, ചെറക്കടവ് പാലം, വള്ളിക്കുന്ന്-കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുക്കത്തക്കടവ് പാലം എന്നിവ ഉള്‍നാടന്‍ ജലഗതാഗതത്തിന് അനുയോജ്യമാകുംവിധം പുതുക്കിപ്പണിയുന്നത് ചര്‍ച്ച ചെയ്യാൻ മന്ത്രിക്ക് പി. അബ്ദുൽ ഹമീദ് എം.എല്‍.എ കത്തുനല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ് ചേലേമ്പ്ര, കടലുണ്ടി, വള്ളിക്കുന്ന് പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ യോഗം ചേരാന്‍ തീരുമാനമായത്.
മുക്കത്ത്കടവ് പാലം ഒഴികെ മറ്റു പാലങ്ങളുള്ള റൂട്ടിലൊന്നും നിലവില്‍ ബസ് സര്‍വിസില്ല. പാലങ്ങള്‍ക്ക് വീതി കുറവായതിനാലാണിത്. ബസ് സര്‍വിസ് ഉള്‍പ്പെടെയുള്ള റൂട്ടാക്കി മാറ്റണമെങ്കില്‍ വീതി കുറഞ്ഞ പാലങ്ങള്‍ പൊളിച്ച് പുതിയത് പണിയണം. ജനവാസ മേഖലയില്‍നിന്ന് അല്പം മാറി പാലങ്ങള്‍ പണിയുകയാണെങ്കില്‍ അപ്രോച്ച് റോഡിന് സ്ഥലം വിട്ടുനല്‍കാന്‍ സ്വകാര്യ വ്യക്തികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാറക്കടവ് പാലം പുതുക്കിപ്പണിതാല്‍ ഇടിമുഴിക്കല്‍, മണ്ണൂര്‍, ചാലിയം, മേഖലകളിലേക്കുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാകും.
ബേപ്പൂര്‍ തുറമുഖം വഴി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് എളുപ്പവഴിയൊരുക്കാനുമാകും. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്ന് എം.എൽ.എ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.