ചേലേമ്പ്ര ജലനിധി പദ്ധതി; സെസ് ഇനത്തിൽ അടക്കേണ്ട 75 ലക്ഷം രൂപ ഒഴിവാക്കി സർക്കാർ ഉത്തരവ്
text_fieldsവള്ളിക്കുന്ന്: ചേലേമ്പ്ര പഞ്ചായത്തിൽ 3321 കുടുംബങ്ങൾക്ക് കുടിവെള്ളം നൽകിവന്നിരുന്ന ജലനിധി പദ്ധതിയിൽ 2014 മുതൽ സെസ് ഇനത്തിൽ അടക്കേണ്ട 75 ലക്ഷം രൂപ ഒഴിവാക്കി സർക്കാർ. 2014 ഫെബ്രുവരി 15 മുതൽ മുൻകാല പ്രാബല്യത്തോടെ ഒഴിവാക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിറക്കിയത്. അതിനിടെ തങ്ങളുടെ ശ്രമഫലമായാണ് സെസ് പിരിക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറിയതെന്ന അവകാശ വാദം ഉണയിച്ച് യു.ഡി.എഫ് ഭരണ സമിതിയും എൽ.ഡി.എഫും രംഗത്തെത്തി.
ഉപയോഗിച്ച വെള്ളത്തിന് തീരുവ പിരിച്ചു നൽകാൻ കഴിയാതെ 26 ബി.ജി കമ്മിറ്റികളും സ്കീം ലെവൽ എക്സിക്യൂട്ടിവ് കമ്മിറ്റിയും പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് ഭരണസമിതി പി. അബ്ദുൽഹമീദ് എം.എൽ.എ മുഖേന വകുപ്പ് മന്ത്രിമാർക്ക് കത്ത് നൽകിയതെന്നും ഇതേതുടർന്ന് തിരുവനന്തപുരത്ത് നിയമസഭാ കോംപ്ലക്സിൽ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേരാൻ വഴി തെളിഞ്ഞു. വകുപ്പുതല ചർച്ചയിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, പി. അബ്ദുൽ ഹമീദ് എം.എൽ.എ തുടങ്ങിയവരും പഞ്ചായത്ത് പ്രതിനിധികളും ജലനിധി സ്കീം ലെവൽ എക്സിക്യൂട്ടിവ് കമ്മിറ്റി പ്രസിഡന്റ് എ. ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിന്റെ ശുപാർശ അംഗീകരിച്ചാണ് സെസ് ഒഴിവാക്കിയതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സമീറ, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് എന്നിവർ അറിയിച്ചു.
എന്നാൽ കിൻഫ്രയിൽ ടാങ്ക് നിർമ്മിക്കാനാവശ്യമായ സ്ഥലവും ഫണ്ടും നൽകി പദ്ധതി ജനങ്ങൾക്ക് സമർപ്പിക്കാൻ കൂടെ നിന്നത് അന്നത്തെ ഇടതുപക്ഷ സർക്കാരാണ്. സി. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്നത്തെ എൽ.ഡി.എഫ് ഭരണ സമിതി സെസ് ഒഴിവാക്കാൻ 2018ൽ തന്നെ അപേക്ഷ നൽകിയിരുന്നു. പഞ്ചായത്ത് ഭരണ സമിതിയും സി.പി.എം ലോക്കൽ കമ്മിറ്റിയും സർക്കാരിൽ ഇടപെട്ടു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കുടിശ്ശിക ഒഴിവാക്കി സർക്കാർ ഉത്തരവിട്ടതെന്ന് എൽ.ഡി.എഫ് നേതൃത്വം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.