ചേലേമ്പ്രക്കിത് അഭിമാന നിമിഷം; ഹാഷിറിന് രാഷ്ട്രപതിയുടെ ധീരതക്കുള്ള അവാർഡ്
text_fieldsഹാഷിർ ചേലൂപ്പാടം
വള്ളിക്കുന്ന്: ബോധം നഷ്ടമായി മുങ്ങിപ്പോയ നിയമ വിദ്യാർഥിയെ വെള്ളത്തിൽനിന്നും പുറത്തെടുത്ത് കൃത്യസമയത്ത് സി.പി.ആർ നൽകി ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ എൻ.കെ. മുഹമ്മദ് ഹാഷിറിന് (ഹാഷിർ ചേലൂപ്പാടം) രാഷ്ട്രപതിയുടെ ജീവൻ രക്ഷാപഥക്. ചേലേമ്പ്ര ഇടിമുഴിക്കലിലെ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള പള്ളിക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടയിലാണ് വയനാട് സ്വദേശിയായ 19കാരൻ ഹരിനന്ദൻ കുഴഞ്ഞ് കുളത്തിൽ മുങ്ങിപ്പോയത്.
കൂടെ നീന്തുന്ന കൂട്ടുകാരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ബോധം നഷ്ടപ്പെട്ട ഹരിനന്ദൻ കുളത്തിനടിയിലേക്ക് താഴ്ന്നുപോവുകയും ചെയ്തു. ഇതോടെ കൂട്ടുകാരൻ ഉറക്കെ നിലവിളിക്കുകയായിരുന്നു. കുളത്തിനടുത്ത് കൂൾബാറിൽ ഇരിക്കുകയായിരുന്ന ഹാഷിർ നിലവിളി കേട്ട് ഓടിയെത്തി കുളത്തിലേക്ക് എടുത്തുചാടി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ബോധം നഷ്ടപ്പെട്ട വിദ്യാർഥിയെ സി.പി.ആർ നൽകി ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സുൽത്താൻ ബത്തേരി ചീരാൽ സ്വദേശി പരേതനായ അഡ്വ. കെ.ഡി. പ്രശാന്ത്-സീന ദമ്പതിമാരുടെ ഏക മകനാണ് ഹരിനന്ദൻ. ഹാഷിറിന്റെ കൃത്യമായ ഇടപെടൽ കൊണ്ടുമാത്രമാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞിരുന്നു. അവാർഡിനൊപ്പം ലഭിക്കുന്ന ഒരു ലക്ഷം രൂപ പിതാവ് നഷ്ടപെട്ട ഹരിനന്ദന്റെ തുടർ പഠനത്തിന് വേണ്ടി നൽകുമെന്ന് ഹാഷിർ അറിയിച്ചു. അടുത്തിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട പിതാവ് പ്രശാന്തിന്റെ നിർബന്ധത്തിലാണ് ഹാഷിർ അവാർഡിന് അപേക്ഷിച്ചിരുന്നത്.
കേരള ഫയർ ആൻഡ് റസ്ക്യൂ ഫോഴ്സിന്റെ സിവിൽ ഡിഫൻസ് അംഗമാണ് ഹാഷിർ. ഫ്രീ ഡൈവിങ്ങിൽ ദേശീയ റെക്കോർഡുള്ള ഹാഷിർ നിലവിൽ ഫ്രീ ഡൈവിങ് കോച്ചസ് ഓഫ് ഏഷ്യ അംഗവുമാണ്. നീന്തലിൽ പരിശീലകനുള്ള ഇൻറർനാഷനൽ ലൈസൻസ് കരസ്ഥമാക്കിയ ഹാഷിർ ഇതിനകം 2000 ത്തോളം പേരെ നീന്തൽ പരിശീലിപ്പിക്കുകയും ഒട്ടേറെ താരങ്ങളെ ഇന്ത്യൻ, ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സ് ജേതാക്കളാക്കുകയും ചെയ്തിട്ടുണ്ട്. ചേലേമ്പ്ര സ്വിംഫിൻ സ്വിമ്മിങ് അക്കാദമി സ്ഥാപകനും പരിശീലകനുമാണ്. ഓപ്പൺ വാട്ടർ സ്വിമ്മിങ്, ട്രയാത് ലൺ, ഫ്രീ ഡൈവിങ് തുടങ്ങിയവയിൽ പരിശീലനങ്ങൾ നൽകി വരുന്ന ഹാഷിർ സ്കൂബാ ഡൈവിങ്ങിലും പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.