വള്ളിക്കുന്ന് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ; സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം
text_fieldsവള്ളിക്കുന്ന്: നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കാൻ പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ സാന്നിധ്യത്തിൽ ജില്ല കലക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ കൂട്ടുമൂച്ചി-അത്താണിക്കൽ റോഡിലെ ഇരുമ്പോത്തിങ്ങൽ (ചാലിക്കൽ പാലം) നിർമാണത്തിന് 493 ലക്ഷം രൂപയുടെയും വള്ളിക്കുന്ന് മണ്ഡലത്തിലെ ചേലേമ്പ്ര പഞ്ചായത്തിനെയും ബേപ്പൂർ മണ്ഡലത്തിലെ ഫറോക്ക് നഗരസഭയെയും ബന്ധിപ്പിക്കുന്ന പുല്ലിപ്പുഴക്ക് കുറുകെ മുനമ്പത്ത് കടവ് പാലം നിർമാണത്തിന് 531 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചിരുന്നു. ഇരുമ്പോത്തിങ്ങൽ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ വളവ് നേരെയാക്കാൻ നിലവിലെ അലൈൻമെന്റ് മാറ്റം വരുത്താൻ സ്വകാര്യസ്ഥലവും കെട്ടിടവും ഏറ്റെടുക്കേണ്ടി വരും. ഇതനുസരിച്ച് കഴിഞ്ഞ ദിവസം തിരൂരങ്ങാടി താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ സർവേ ചെയ്തിരുന്നു. സർവേ സ്കെച്ച് രണ്ടു ദിവസത്തിനകം കൈമാറാൻ നിർദേശിച്ചു.
എന്നാൽ മുനമ്പത്തകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന് ഫറോക്ക് വില്ലേജിൽപ്പെട്ട മൂന്ന് സ്വകാര്യ വ്യക്തികളുടേയും ചേലേമ്പ്ര വില്ലേജിൽപ്പെട്ട ഒരു സ്വകാര്യ വ്യക്തിയുടെയും സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്.
ഇതനുസരിച്ച് കഴിഞ്ഞ മാസം കൊണ്ടോട്ടി, കോഴിക്കോട് താലൂക്ക് സർവേയർമാരുടെ നേതൃത്വത്തിൽ പാലം നിർമാണത്തിനാവശ്യമായ സ്ഥലം സർവേ ചെയ്ത് അലൈൻമെന്റ് കല്ലിടൽ പൂർത്തീകരിച്ചതാണ്. സർവേ സ്കെച്ച് കൊണ്ടോട്ടി ഭൂരേഖാ വിഭാഗം പൊതുമരാമത്ത് പാലങ്ങൾ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. എന്നാൽ കോഴിക്കോട് വിഭാഗം രണ്ട് ദിവസത്തിനകം സ്കെച്ച് നൽകാനും നിർദേശിച്ചു.
ഇതനുസരിച്ച് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം സാങ്കേതിക വിഭാഗം ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അക്വിസിഷൻ അപേക്ഷ തിരൂർ സ്പെഷൽ തഹസിൽദാർക്ക് നൽകും.
കിഫ്ബിയിൽ ഉൾപ്പെടുത്തിയ തോട്ടശ്ശേരിയറ - ഇല്ലത്തുമാട് റോഡിന്റെ വീതി കൂട്ടുന്ന സ്ഥലമേറ്റെടുപ്പ് നടപടി സർക്കാറിൽനിന്ന് വേഗത്തിലാക്കാൻ കെ.ആർ.എഫ്.ബിക്ക് നിർദേശം നൽകി. തീരദേശപാതയായ അരിയല്ലൂർ മുതൽ കടലുണ്ടിക്കടവ് പാലം വരെയുള്ള രണ്ട് റീച്ച് റോഡിന്റെ വീതി കൂട്ടാനുള്ള സ്ഥലമേറ്റെടുപ്പിനുള്ള ലാന്റ് അക്വിസിഷൻ ധനാനുമതി ലഭിച്ചതനുസരിച്ചുള്ള കല്ലിടൽ റവന്യു വകുപ്പ് അനുമതി ലഭിച്ചാൽ വേഗത്തിലാക്കുമെന്നും കെ.ആർ.എഫ്.ബി സാങ്കേതിക വിഭാഗം യോഗത്തിൽ അറിയിച്ചു. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി സ്ഥലവും കെട്ടിടവും നഷ്ടമായ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് ഓഫിസ്, വെളിമുക്ക് ജി.എം.എൽ.പി സ്കൂൾ എന്നിവക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയതനുസരിച്ച് വാല്യൂഷൻ നടപടി ഒരാഴ്ച്ചക്കകം പൂർത്തീകരിക്കാൻ തിരൂരങ്ങാടി തഹസിൽദാർക്ക് നിർദേശം നൽകി.
യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ വി.എം. ആര്യ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വിനോദ് കുമാർ ചാലിൽ , അസിസ്റ്റന്റ് എൻജിനീയർ പ്രസാദ്, സ്ഥലമേറ്റെടുപ്പ് സെപഷൽ തഹസിൽദാർ മലപ്പുറം രാജഗോപാലൻ, സ്പെഷൽ തഹസിൽദാർ തിരൂർ, കൊണ്ടോട്ടി ഭൂരേഖ വിഭാഗം തഹസിൽദാർ ഷംസുദ്ദീൻ, വി.പി. രഘു മണി, പൊതുമരാമത്ത് ഡെപ്യൂട്ടി എക്സിക്യുട്ടീവ് എൻജിനിയർ കെ. ജയൻ, കെ.ആർ.എഫ്.ബി ഫിജു, അസിസ്റ്റന്റ് എൻജിനീയർ വിപിൻ ബേബി, ജില്ല സർവേ സൂപ്രണ്ട് പ്രകാശൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് സർവേ സ്വപ്ന, തിരൂരങ്ങാടി ഭൂരേഖ തഹസിൽദാർ മോഹനൻ, കോഴിക്കോട് താലൂക്ക് സർവേയർ ഷ്യാംലാൽ, ഫറോക്ക് വില്ലേജ് ഓഫിസർ കെ.പി. റീജ, അരിയല്ലൂർ വില്ലേജ് ഓഫിസർ കെ.പി. ശ്രീനിവാസൻ, വള്ളിക്കുന്ന് വില്ലേജ് ഓഫിസർ വി. ശ്രീജ, ചേലേമ്പ്ര വില്ലേജ് ഓഫിസർ സുബീഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.