വള്ളിക്കുന്ന് പഞ്ചായത്തിലെ കുടിവെള്ള പദ്ധതി വേഗത്തിലാക്കുന്നു
text_fieldsവള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിലെ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റേയും ജലസംഭരണി നിർമിക്കുന്നതിന്റേയും പ്രവൃത്തി വേഗത്തിലാക്കാൻ വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിൽ തീരുമാനം. പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ നിർദേശപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജയുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പ്രധാന തീരുമാനങ്ങൾ പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന്റെ പരിപാലനത്തിലുള്ള 10 റോഡുകളിൽ മൂന്നു പ്രധാന റോഡുകളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് അനുമതി തങ്ങളുടെ അധികാര പരിധിയിൽവെച്ച് നൽകാനാവില്ലെന്ന് റോഡ്സ് സാങ്കേതിക വിഭാഗം അറിയിച്ചു. കൂട്ടുമൂച്ചി - അത്താണിക്കൽ റോഡിന്റെ നിർമാണം നബാർഡ് സഹായത്തോടെ നടക്കുന്നതിനാൽ പ്രത്യേക അനുമതി വേണം. ഇതിന് സർക്കാർ തലത്തിൽ ഉന്നതതല യോഗം വിളിച്ച് ചേർക്കുന്നതിന് പൊതുമരാമത്ത് വിഭാഗം, ജലവിഭവ വകുപ്പ് മന്ത്രിമാരോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
അത്താണിക്കൽ - ആനങ്ങാടി റോഡിൽ നവീകരണ പ്രവൃത്തി നടന്ന ഭാഗത്തും കോട്ടക്കടവ് റോഡിൽ നവീകരണ പ്രവൃത്തി നടന്ന ഭാഗത്തും കരാറുകാരന്റെ പരിപാലന ചുമതല ഒരു വർഷത്തോളം നിലവിലുണ്ട്. ഈ കാലാവധി കഴിയുന്നത് വരെ കാത്തിരിക്കണം. എന്നാൽ, ടാർ ചെയ്ത ഭാഗത്ത് നിന്നും ഒന്നരമീറ്റർ മാറ്റി പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനുള്ള സാധ്യത ജലവിഭവ വകുപ്പ് പരിശോധിക്കും. കൂടാതെ മറ്റു എട്ടു പൊതുമരാമത്ത് റോഡുകളിലും അതുമതി നൽകാനും തീരുമാനമായി. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പൊതുമരാമത്ത് റോഡുകൾ മേയ് 10നകം റീസ്റ്റോർ ചെയ്ത് പൂർവസ്ഥിതിയിലാക്കണം.
ഇതു സംബന്ധിച്ച പ്രവൃത്തി നടക്കുന്ന പ്രോഗ്രാം ചാർട്ട് ജലവിഭവ വകുപ്പ് സാങ്കേതിക വിഭാഗം തയാറാക്കി വ്യാഴാഴ്ച പൊതുമരാമത്ത് വകുപ്പിന് കൈമാറും. കൂടാതെ അറ്റകുറ്റപ്പണികൾ നടക്കേണ്ട ഗ്രാമീണ റോഡുകളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന റോഡുകളുടെ വിവരങ്ങൾ ഗ്രാമ പഞ്ചായത്ത് അസി. എൻജിനീയർ ജലവിഭവ വകുപ്പിന് അടുത്ത ദിവസം കൈമാറും. അതുപ്രകാരം ജലവിഭവ വകുപ്പ് പ്രവൃത്തി ഷെഡ്യൂൾ തയാറാക്കി നിർമാണം ആരംഭിക്കാനാണ് ധാരണ.
യോഗത്തിൽ എം.എൽ.എയുടെ പേഴ്സനൽ സ്റ്റാഫ് ശുക്കൂർ ചേലേമ്പ്ര, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാനോജ് കുമാർ, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ.കെ. മുഹമ്മദ് ഷാഫി, ജലവിഭവ വകുപ്പ് പ്രോജക്ട് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി. റഷീദലി, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എൻജിനീയർ സിദീഖ് ഇസ്മാഈൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.