ലഹരിസംഘം പിടിമുറുക്കി കടലുണ്ടി റെയിൽവേ പാലവും കണ്ടൽ കാടുകളും
text_fieldsലഹരി സംഘങ്ങൾ തവളമാക്കിയ കടലുണ്ടി റെയിൽവേ പാലം
വള്ളിക്കുന്ന്: ജില്ല അതിർത്തിയിൽ ഉൾപ്പെട്ട കടലുണ്ടി റെയിൽവേ പാലങ്ങളിലും കമ്യൂണിറ്റി റിസർവ് പ്രദേശത്തെ കണ്ടൽ കാടുകൾക്കിടയിലും പിടിമുറുക്കി ലഹരി സംഘങ്ങൾ. കടലുണ്ടി പുഴയാൽ ചുറ്റപെട്ടു കിടക്കുന്ന ഇവിടങ്ങളിൽ പൊലീസ്, എക്സൈസ് പരിശോധന ഇല്ലാത്തതാണ് ഇത്തരക്കാർക്ക് അനുഗ്രഹം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള നിരവധി പേരാണ് മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വിൽക്കാനും വാങ്ങിക്കാനുമായി ഇവിടെ എത്തുന്നത്.
പാലത്തിന്റെ തൂണുകൾക്കിടയിലും ചുവട്ടിലും പരസ്യമായി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് പതിവ് കാഴ്ചയാണ്.
വള്ളിക്കുന്ന് പഞ്ചായത്തിൽപെട്ട, ബാലാതിരുത്തി, ഹീറോസ് നഗർ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കോഴിക്കോട് ജില്ലാതിർത്തിയിലെ കടലുണ്ടി റെയിൽവേ സ്റ്റേഷൻ, കടലുണ്ടി അങ്ങാടി എന്നിവിടങ്ങളിലേക്ക് പാലത്തിൽ കൂടിയാണ് പോവുന്നത്.
ലഹരി സംഘത്തിന്റെ ശല്യം കാരണം ഇതുവഴി പോകാൻ പറ്റാത്ത സ്ഥിതിയാണെന്നാണ് നാട്ടുകാർ പറയുന്നത്. ദിവസങ്ങൾക്കു മുമ്പ് ഇതുവഴി നടന്നു പോയ വീട്ടമ്മക്ക് നേരെ നഗ്നത പ്രദർശനവും ഉണ്ടായി. ഞായറാഴ്ച ദിവസങ്ങളിലാണ് കൂടുതൽ പേർ ഇവിടേക്ക് എത്തുന്നത്. ബാലാതിരുത്തിയിലേക്കുള്ള നടപ്പാലത്തിൽ രാത്രി ഏഴിന് ശേഷം കാണുന്ന ആളുകളെ നാട്ടുകാർ ഇവിടെ നിന്ന് പറഞ്ഞു വിടാറുണ്ടെങ്കിലും കണ്ടൽ കാടുകൾക്കുള്ളിലേക്ക് പോവുകയാണ് പതിവ്. ഇത്തരം സംഘങ്ങൾക്ക് എതിരെ കർശന നടപടി അധികൃതർ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.