ചെണ്ടുമല്ലി വസന്തവുമായി പൂപ്പാടങ്ങളൊരുങ്ങി
text_fieldsവള്ളിക്കുന്ന്: ഓണത്തെ വരവേൽക്കാനൊരുങ്ങി ഗ്രാമപഞ്ചായത്തിലെ പൂപ്പാടങ്ങൾ. 2024-‘25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂപ്പൊലി പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത ചെണ്ടുമല്ലി തോട്ടങ്ങളാണ് വിളവെടുപ്പിനൊരുങ്ങിയത്. ഒറ്റക്കും സംഘമായും കൃഷി ചെയ്യാൻ താൽപര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്കാണ് ഗുണനിലവാരമുള്ള 25,000 ഹൈബ്രിഡ് തൈകൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്തത്. കുടുംബശ്രീ ഓണച്ചന്ത സെപ്റ്റംബർ ആദ്യയാഴ്ച ആരംഭിക്കുന്നതോടെ കർഷകരുടെ വിപണന കേന്ദ്രവും ഗ്രാമപഞ്ചായത്ത് ഒരുക്കിക്കൊടുക്കുന്നുണ്ട്. വള്ളിക്കുന്നിലെ തരിശു ഭൂമികൾ കൃഷിയോഗ്യമാക്കി കർഷകരെ കൃഷിയിലേക്ക് ആകർഷിക്കുകയും ഓണത്തിന് പൂക്കളുടെ വിപണന സാധ്യത ഉപയോഗപ്പെടുത്തുകയുമാണ് പൂപ്പൊലി പദ്ധതിയിൽ ലക്ഷ്യം വെക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം മുതലാണ് ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂപ്പൊലി പദ്ധതി ആരംഭിച്ചത്.
ഇത്തവണ ജൂലൈ മാസത്തിലെ ശക്തമായ മഴ വില്ലനായെങ്കിലും ഇതിനെയെല്ലാം തരണം ചെയ്ത് ചെണ്ടുമല്ലി ഗ്രാമമാവാൻ തയാറെടുക്കുകയാണ് വള്ളിക്കുന്ന്. ഗ്രാമപഞ്ചായത്തിലെ എട്ട്, 12, 13, 16, 18, 19, 20 വാർഡുകളിലാണ് പ്രധാന തോട്ടങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.