വള്ളിക്കുന്നിലെ മഞ്ഞപ്പിത്ത വ്യാപനം; ജാഗ്രതയോടെ ആരോഗ്യ പ്രവർത്തകർ
text_fieldsവള്ളിക്കുന്ന്: നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ മഞ്ഞപ്പിത്ത വ്യാപനം ജാഗ്രതയോടെയാണ് ആരോഗ്യ പ്രവർത്തകർ കാണുന്നത്. മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ ചേളാരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഓഡിറ്റോറിയത്തിൽ മേയ് 13ന് നടന്ന വിവാഹത്തിൽ പങ്കെടുത്ത വള്ളിക്കുന്ന് കൊടക്കാട് സ്വദേശിനിക്കാണ് ജൂൺ എട്ടിന് ഹെപ്പറ്റൈറ്റിസ് എ ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർ നടത്തിയ പരിശോധനയിൽ സ്മാർട്ട് ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്ത 14, 15 വാർഡിലെ ആളുകൾക്കാണ് കേസ് റിപ്പോർട്ട് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. പ്രതിരോധ പ്രവർത്തന ഭാഗമായി പ്രത്യേക ക്യാമ്പും ഈ വാർഡുകൾ കേന്ദ്രീകരിച്ച് നടന്നു. പിന്നീട് 16ന് ഇതേ ഓഡിറ്റോറിയത്തിൽ ചേലേമ്പ്ര സ്വദേശികളുടെ വിവാഹം നടന്നതിനുശേഷം വധുവടക്കം 26 പേർക്ക് അസുഖം സ്ഥിരീകരിച്ചതോടെയാണ് പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുന്നത്.
മേയ് 13, 16, 18, 19, 26, 27 തീയതികളിൽ ഇതേ ഓഡിറ്റോറിയത്തിൽ വിവിധ പഞ്ചായത്തുകളിലെ വിവാഹം നടന്നിട്ടുണ്ട്.
ചടങ്ങിൽ പങ്കെടുത്തവർ നിരീക്ഷണവും മുൻകരുതലും എടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ഡി.എം.ഒ, ആരോഗ്യ പ്രവർത്തകരുൾപ്പെടെയുള്ളവരെ വിളിച്ചു ചേർത്ത് കഴിഞ്ഞ ദിവസം അവലോകനയോഗം നടത്തിയിരുന്നു. ഹെപ്പറ്റെറ്റിസ് എ രോഗാണു ശരീരത്തിൽ കയറിയാലും ലക്ഷണങ്ങൾ 40 ദിവസം വരെ കഴിഞ്ഞാലേ പ്രകടമാകൂ. ഇതേ ഓഡിറ്റോറിയത്തിൽ പിന്നീട് നടന്ന വിവാഹങ്ങളിലും കേസ് റിപ്പോർട്ട് ചെയ്താൽ രോഗബാധിതർ കൂടുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് യൂത്ത് ലീഗും വൈറ്റ് ഗാർഡും രംഗത്തിറങ്ങും
വള്ളിക്കുന്ന്: നിയോജക മണ്ഡലത്തിലെ മഞ്ഞപ്പിത്ത വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങാൻ വള്ളിക്കുന്ന് നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയും സന്നദ്ധ പോഷക ഘടകമായ വൈറ്റ് ഗാർഡും തീരുമാനിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം ജനപ്രതിനിധികളുമായും ആരോഗ്യ പ്രവർത്തകരുമായും സഹകരിച്ചാണ് പ്രതിരോധ പ്രവർത്തനം. ബോധവത്കരണത്തിന് വീടുകളിൽ സ്ക്വാഡ് പ്രവർത്തനം, വിദ്യാർഥികൾക്കിടയിൽ ബോധവത്കരണം, ജലജന്യ രോഗങ്ങൾ തടയാനുള്ള ശുചീകരണ പ്രവർത്തനങ്ങൾ, കിണറുകളുടെ ക്ലോറിനേഷൻ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ ത്രിതല പഞ്ചായത്തുമായി സഹകരിച്ച് നടത്തുമെന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സി.എ. ബഷീർ, ട്രഷറർ സി. ജൈസൽ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
ഐസലേഷൻ വാർഡ് പ്രവർത്തന സജ്ജമാക്കണമെന്ന് മന്ത്രിയോട് എം.എൽ.എ
നിലവിൽ 300 ഓളം പേരിലേക്ക് രോഗവ്യാപനം 30 ലേറെപ്പേർ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ
വള്ളിക്കുന്ന്: വിവാഹ പാർട്ടിയിൽ പങ്കെടുത്തതിനെ തുടർന്ന് വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലുൾപ്പെടെയുണ്ടായ മഞ്ഞപ്പിത്ത വ്യാപനം തടയാൻ നെടുവ സി.എച്ച്.സിയിൽ നിർമാണം പൂർത്തീകരിച്ച ഐസലേഷൻ വാർഡ് പ്രവർത്തന സജ്ജമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ട് വ്യാഴാഴ്ച പി. അബ്ദുൽ ഹമീദ് എം.എൽ.എ ആവശ്യപ്പെട്ടു.
തീരദേശ മണ്ഡലമായ വള്ളിക്കുന്നിൽ സർക്കാർ മേഖലയിൽ കിടത്തിച്ചികിത്സയില്ലാത്തതിനാൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ തുടർചികിത്സ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ വാർഡുകളിലാണ്. ഇവർക്കാവശ്യമായ ഫിസിഷ്യൻ ഡോക്ടർമാർ, പ്രത്യേക ടോയ് ലറ്റ് സൗകര്യം എന്നിവ ഒരുക്കാൻ ആശുപത്രിയിൽ പ്രയാസമുണ്ട്. ഇത്തരം രോഗികളെ പ്രത്യേക വാർഡിൽ ഐസലേഷൻ നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നയം.
എന്നാൽ നിലവിൽ ഒരു ഫിസിഷ്യൻ മാത്രമാണ് താലൂക്ക് ആശുപത്രിയിലുള്ളത്. ഇതിന് പരിഹാരം കാണണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
നിലവിൽ 300 ഓളം പേരിലേക്ക് രോഗം വ്യാപനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. 30 ലേറെ പേർ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുണ്ട്. മണ്ഡലത്തിൽ കിടത്തിച്ചികിത്സയില്ലാത്തതിനാൽ നിലവിൽ തിരൂരങ്ങാടി മണ്ഡലത്തിലെ നെടുവ സി.എച്ച്.സിയെയും തിരൂരങ്ങാടി താലൂക്കാശുപത്രിയെയുമാണ് കിടത്തി ചികിത്സക്ക് ആശ്രയിക്കുന്നത്. നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. എന്നാൽ പരിചരണത്തിന് പരിമിത സൗകര്യങ്ങളേ താലൂക്കാശുപത്രിയിൽ നിലവിലുള്ളൂ. ജില്ലയിലെ പി.എച്ച്.സി, എഫ്.എച്ച്.സി, സി.എച്ച്.സികളിൽ ഫിസിഷ്യനടക്കം സ്പെഷലിസ്റ്റുകളെ ഒ.പികളിൽ പരിശോധനക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്. സാഹചര്യം കണക്കിലെടുത്ത് ഐ.പികളുള്ള ആശുപത്രികളിൽ താൽക്കാലികമായെങ്കിലും വിദഗ്ധരെ നിയമിക്കാൻ നടപടി വേണം. തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ മൂന്നിലധികം ഫിസിഷ്യൻസിനെ മൂന്ന് മാസത്തേക്ക് നിയമിക്കണമെന്നും നെടുവ സി.എച്ച്.സിയിൽ പുതുതായി നിർമിച്ച ഐസലേഷൻ വാർഡ് പ്രവർത്തിക്കാൻ ഡോക്ടർമാരെ താൽക്കാലികമായെങ്കിലും റീ അറേഞ്ച് ചെയ്യുകയോ പുതുതായി അനുവദിക്കുകയോ ചെയ്യണമെന്നും പി. അബ്ദുൽ ഹമീദ് എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ചു തുടർ നടപടികൾ കൈക്കൊള്ളാൻ ആരോഗ്യ ഡയറക്ടർക്ക് മന്ത്രി നിർദേശവും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.