മഞ്ഞപ്പിത്തം: കടുത്ത നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്
text_fieldsവള്ളിക്കുന്ന്: വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് 15 വയസ്സുകാരി മരിച്ച സാഹചര്യത്തിൽ കർശന നടപടിക്ക് ഒരുങ്ങി ആരോഗ്യ വകുപ്പ്. ഞായറാഴ്ച പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് കടുത്ത നടപടിയിലേക്ക് പോവേണ്ട സാഹചര്യമാണ് മണ്ഡലത്തിലുള്ളതെന്ന് ജില്ല മെഡിക്കൽ വിഭാഗം അറിയിച്ചത്.
ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക, നെടുവ ഹെൽത്ത് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. വാസുദേവൻ, പെരുവള്ളൂർ ഹെൽത്ത് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ബാബു, മെഡിക്കൽ ഓഫിസർമാരായ ഡോ. സന്തോഷ്, ഡോ. അനിത, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അബ്ബാസ്, മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സുഹറാബി, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചു, നോഡൽ ഓഫിസർ ഡോ. ഷുബിൻ ചെനയിൽ, വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് മെഡിക്കൽ ഓഫിസർമാർ, മെഡിക്കൽ ഓഫിസർമാർ, നോഡൽ ഓഫിസർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
നൊമ്പരമായി ദിൽഷ ഷെറിൻ
ചേലേമ്പ്ര: സഹപാഠികളിലും അധ്യാപകരിലും നൊമ്പരമായി ദിൽഷ ഷെറിന്റെ വിയോഗം. മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച ചേലേമ്പ്ര സ്വദേശി ദിൽഷ രാമനാട്ടുകര വൈദ്യരങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. പഠനത്തിൽ മിടുക്കിയും പെരുമാറ്റത്തിൽ സൗഹൃദക്കാരിയുമായ ദിൽഷയുടെ മരണവാർത്ത സ്കൂൾ അധികൃതർ നടുക്കത്തോടെയാണ് കേട്ടത്. ദിവസങ്ങൾക്ക് മുമ്പ് വരെ സ്കൂളിൽ ഹാജരായി സൗഹൃദം പങ്കുവെച്ചത് ഓർക്കാനാവാതെ വിതുമ്പുകയാണ് കൂട്ടുകാരും അധ്യാപകരും. പുതിയ അഡ്മിഷനായി സ്കൂളിൽ എത്തിയ ദിൽഷയുമായി കുറഞ്ഞ ദിവസത്തെ പരിചയം ആണെങ്കിലും അധ്യാപകരുമായും സഹപാഠികളുമായും കൂടുതൽ അടുപ്പം പുലർത്തിയതായി അധ്യാപകർ പറഞ്ഞു. ദിൽഷയുടെ മരണത്തെ തുടർന്ന് തിങ്കളാഴ്ച സ്കൂളിന് അവധി നൽകി. രാവിലെ പത്തിന് സ്കൂളിൽ അനുശോചന യോഗം ചേരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.