വള്ളിക്കുന്ന് കൊടക്കാട്ട് മഞ്ഞപ്പിത്തം; വൈദ്യസംഘം വെള്ളിയാഴ്ചയെത്തും
text_fieldsവള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിലെ കൊടക്കാടും പരിസര പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ വിദഗ്ധ പഠനത്തിന് വൈദ്യസംഘം വെള്ളിയാഴ്ച എത്തുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക പി. അബ്ദുൽ ഹമീദ് എം.എൽ.എയെ അറിയിച്ചു.
വള്ളിക്കുന്നിലെ രോഗികൾ കൂടുതലായി ചികിത്സക്കും പരിശോധനക്കും എത്തുന്ന പരപ്പനങ്ങാടി നഗരസഭയിലെ നെടുവ സി.എച്ച്.സിയിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ഡോക്ടർമാരെ നിയോഗിക്കണമെന്നും ഡി.എം.ഒയോട് എം.എൽ.എ ആവശ്യപ്പെട്ടു. രോഗലക്ഷണവുമായി ഉച്ചക്കുശേഷം ഇവിടെയെത്തുന്ന രോഗികളുടെ രക്തസാമ്പിൾ എടുക്കാൻ നിലവിൽ സാഹചര്യമില്ലെന്നും ഇതിന് ആരോഗ്യവിഭാഗം താൽക്കാലികമായി ലാബ് ടെക്നീഷ്യനെ നിയോഗിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് അടുത്ത ദിവസം തന്നെ ഉച്ചക്കുശേഷം നെടുവയിൽ ലാബ് പരിശോധന സംവിധാനം ഉറപ്പ് വരുത്തുമെന്നും ജില്ല മെഡിക്കൽ ഓഫിസർ എം.എൽ.എക്ക് ഉറപ്പ് നൽകി. വള്ളിക്കുന്ന് പഞ്ചായത്തിലും മൂന്നിയൂർ, പെരുവള്ളൂർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും മഞ്ഞപ്പിത്ത വ്യാപനം കണ്ടെത്താനായത്.
എന്നാൽ പലയിടങ്ങളിലാണ് രോഗികൾ ചികിത്സ തേടുന്നത്. ഇതിന്റെ കണക്കുകൾ ആരോഗ്യ വിഭാഗം കൃത്യമായി ശേഖരിക്കുന്നതായും സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് എം.എൽ.എ ഓഫിസിനെ അറിയിച്ചു. രോഗലക്ഷണം കണ്ടാൽ ആശങ്കപ്പെടാതെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണമെന്നും ആരോഗ്യ വിഭാഗം നിർദേശങ്ങൾ പാലിക്കണമെന്നും എം.എൽ.എ അഭ്യർഥിച്ചു. നിലവിലെ രോഗികളുടെ സാഹചര്യവും മറ്റും നെടുവ ആശുപത്രി സൂപ്രണ്ടുമായും തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടുമായും വിവരങ്ങൾ ആരാഞ്ഞു. സ്ഥലത്തെ സാഹചര്യവും രോഗികളുടെ പരിചരണ സൗകര്യങ്ങളും എം.എൽ.എ ജില്ല കലക്ടർ വി.ആർ. വിനോദുമായും ജില്ല മെഡിക്കൽ ഓഫിസറുമായും ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.