കടലുണ്ടിക്കടവ് പാലം; സ്പാനുകളുടെ കോൺക്രീറ്റ് തകർന്ന് കമ്പികൾ പുറത്ത്
text_fieldsവള്ളിക്കുന്ന്: കടലുണ്ടിക്കടവ് പാലത്തിന്റെ സ്പാനുകളുടെ കോൺക്രീറ്റ് തകർന്ന് അപകടാവസ്ഥയിൽ. നേരത്തെ നിരവധി തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിരുന്നു. കോൺക്രീറ്റുകൾ അടർന്ന് കമ്പികൾ പുറത്തായ നിലയിലാണ്. കമ്പികൾ പൂർണമായും തുരുമ്പെടുത്തിട്ടുമുണ്ട്. കുറെഭാഗം അടർന്നുവീണ നിലയിലും ഏറെക്കുറെ ഭാഗങ്ങൾ വീഴാൻ നിൽക്കുന്ന നിലയിലുമാണ്.
മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കടലുണ്ടി അഴിമുഖത്തോട് ചേർന്നുള്ള കടലുണ്ടിക്കടവ് പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് അവശ്യമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല.
വർഷങ്ങൾ പഴക്കമുള്ള പാലത്തിന്റെ തൂണിന്റെയും ബീമിന്റെയും കോൺക്രീറ്റുകൾ അടർന്ന് വിള്ളലുകൾ രൂപപ്പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അധികൃതർ അടിയന്തിര ഇടപെടൽ നടത്തി അറ്റകുറ്റപ്പണി ഉടൻ നടത്തുമെന്ന് അറിയിച്ചിരുന്നു.
കടലുണ്ടി അഴിമുഖത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ തന്നെ കടലിലെ ഉപ്പ് കാറ്റാണ് പാലത്തിന് ഭീഷണിയാവുന്നത്. തൂണുകൾക്ക് മണൽതിട്ട അടിഞ്ഞുകൂടി കിടക്കുകയാണ്.
കൂറ്റൻ തിരമാലകൾ വീശി പാലത്തിന്റെ തൂണിലും സ്പാനിലും ആഞ്ഞടിക്കുകയാണ്. പാലത്തിന്റെ കോഴിക്കോട് ഭാഗത്താണ് കൂടുതൽ കേടുപാടുകൾ. ചമ്രവട്ടം പാലം തുറന്നു കൊടുത്തതോടെ കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്ക് ലോറികൾ, കണ്ടെയിനർ ലോറികൾ കടന്നു പോവുന്നതും ഇ പാലത്തിലൂടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.