കോട്ടക്കടവ് വി.സി.ബി അറ്റകുറ്റപ്പണി ആരംഭിച്ചു
text_fieldsവള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് അതിർത്തിയിലെ കടലുണ്ടി പുഴയിൽനിന്ന് കോട്ടേപ്പാടത്തേക്ക് വെള്ളം എത്തുന്ന കോട്ടക്കടവ് വി.സി.ബിയുടെ അറ്റകുറ്റപ്പണി ആരംഭിച്ചു. വി.സി.ബിയുടെ ഷട്ടറുകൾ കാലപ്പഴക്കം കാരണം തകർന്നിരുന്നു. ഇതേ തുടർന്ന് കിണറുകളിലും, ജലാശയങ്ങളിലും ഉപ്പുവെള്ളം കയറുന്നതും കൃഷി നശിക്കുന്നതും പതിവായിരുന്നു.
മണ്ണ് ചാക്കുകൾ നിറച്ചു വെച്ചും ചകിരിച്ചവരുകൾ നിരത്തിയും താൽക്കാലിക ബണ്ട് കെട്ടിയുമാണ് ഓരോവർഷവും കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിച്ചിരുന്നത്. 140ൽ അധികം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന നെറുംകൈതക്കോട്ട കുടിവെള്ള പദ്ധതിയുടെ ജലസംഭരണിക്കടക്കം വലിയ ഭീഷണിയായിരുന്നു വി.സി.ബി ഷട്ടറുകളുടെ ചോർച്ച. പഴക്കംചെന്ന വി.സി.ബി നവീകരിക്കുകയെന്നത് നാട്ടുകാരുടെയും കുടിവെള്ള പദ്ധതിയിലെ ഗുണഭോക്താക്കളുടെയും ഏറെനാളത്തെ ആവശ്യമായിരുന്നു.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ 24 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ വേലിയേറ്റവും തോട്ടിലെ വെള്ളം താഴാത്തതും പ്രവൃത്തിക്ക് തടസ്സമായി. വേനൽ കടുത്തതോടെ തോട്ടിലെ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിലാണ് പ്രവൃത്തി ആരംഭിച്ചത്. വരും ദിവസങ്ങളിൽ മറ്റു വി.സി.ബികളുടെയും അറ്റകുറ്റപ്പണി പൂർത്തീകരിക്കുമെന്ന് അസി. എൻജിനീയർ എൻ. വിയ വിബിൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.