കോഴിക്കോട് ജില്ല അതിർത്തികൾ അടച്ചു പ്രതിഷേധത്തെ തുടർന്ന് കോട്ടക്കടവ് പാലം തുറന്നു
text_fieldsവള്ളിക്കുന്ന്: മലപ്പുറം ജില്ലക്ക് തൊട്ടുകിടക്കുന്ന കടലുണ്ടി ഗ്രാമപഞ്ചായത്ത്, രാമനാട്ടുകര, ഫറോക്ക് നഗരസഭകൾ എന്നിവ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണായതോടെ അതിർത്തികൾ അടച്ചു. കോഴിക്കോട് കലക്ടറുടെ ഉത്തരവിനെ തുടർന്നാണ് കടലുണ്ടിക്കടവ്, കോട്ടക്കടവ്, മുക്കത്തകടവ്, പുല്ലിക്കടവ്, പാറക്കടവ്, സിൽക്ക് പാലങ്ങൾ വ്യാഴാഴ്ച രാവിലെ പത്തോടെ മുന്നറിയിപ്പില്ലാതെ അടച്ചത്. കോഴിക്കോട് ജില്ലയിലേക്ക് ഇടിമൂഴിക്കൽ വഴി മാത്രമാണ് ഗതാഗതം തുറന്നിട്ടത്.
രാവിലെ വിവിധ ആവശ്യങ്ങൾക്ക് പോയവരും ആശുപത്രിയിൽ പോയി തിരിച്ചുവരുന്നവരും ഇതോടെ പാതിവഴിയിൽ കുടുങ്ങി. ഏെറ ദൂരം ചുറ്റിക്കറങ്ങി ഫറോക്ക്, രാമനാട്ടുകര, ഇടിമൂഴിക്കൽ വഴിവേണം വള്ളിക്കുന്നിലെത്താൻ. വള്ളിക്കുന്നിലും പരിസരപ്രദേശങ്ങളിലുമുള്ളവർ കൂടുതൽ ആശ്രയിക്കുന്നത് കോഴിക്കോട് ജില്ലയിലെ ആശുപത്രികളെയാണ്.
പ്രതിഷേധം ശക്തമായതോടെ കോട്ടക്കടവ് പാലം മാത്രം അത്യാവശ്യ യാത്രകൾക്ക് തുറന്നു കൊടുത്തു. ജില്ലാതിർത്തിയിലെ കോട്ടക്കടവ് പാലത്തിെൻറ വള്ളിക്കുന്ന് ഭാഗത്ത് പരപ്പനങ്ങാടി പൊലീസും കടലുണ്ടി ഭാഗത്ത് ഫറോക്ക് പൊലീസുമുണ്ട്. ആശുപത്രി പോലുള്ള അത്യാവശ്യത്തിന് മാത്രമാണ് വാഹനങ്ങൾ വിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.