ഒലിപ്രംകടവിൽ പൈപ്പ് ലൈൻ സ്ഥാപിക്കൽ; ഉൾനാടൻ ജലവകുപ്പ് കനിയണം
text_fieldsവള്ളിക്കുന്ന്: മണ്ഡലത്തിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലേക്ക് ജൽ ജീവൻ ശുദ്ധജല വിതരണ പദ്ധതി പൈപ്പ് ലൈൻ കൊണ്ടുപോകാൻ ഉൾനാടൻ ജലവകുപ്പ് കനിയണം. കടലുണ്ടി പുഴക്ക് കുറുകെ ഒലിപ്രം കടവിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് വേണം വള്ളിക്കുന്ന് പഞ്ചായത്തിലേക്ക് വെള്ളം എത്തിക്കാൻ.
ഒലിപ്രംകടവിൽനിന്നും അഞ്ച് കിലോമീറ്ററോളം ദൂരമുള്ള കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിർമിക്കുന്ന ടാങ്കിൽ നിന്നാണ് വള്ളിക്കുന്നിലേക്ക് വെള്ളം എത്തിക്കുന്നത്. പുഴക്കുകുറുകെ വെള്ളത്തിനടിയിലൂടെയാണ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന് വേണ്ടിയാണ് ഉൾനാടൻ ജലഗതാഗത വിഭാഗത്തിന്റെ അനുമതിക്ക് കാത്തിരിക്കുന്നത്. യൂനിവേഴ്സിറ്റിയിൽ വള്ളിക്കുന്ന് പഞ്ചായത്ത് ഉൾപ്പെടെ നാല് പഞ്ചായത്തുകളിലേക്കാണ് കുടിവെള്ള വിതരണത്തിന് ടാങ്കും ശുദ്ധീകരണ ശാലയും നിർമിക്കുന്നത്.
കടലുണ്ടിപ്പുഴയുടെ ഭാഗമായ ഒലിപ്രംകടവ് പുഴ ദേശീയ ജലപാത കടന്നുപോവുന്ന വഴിയായതിനാൽ ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്. ഇൻലാന്റ് നാവിഗേഷന്റെ അനുമതി ലഭിക്കുന്ന മുറക്ക് തുടർനടപടികൾ കൈകൊള്ളാനാണ് ശ്രമമെന്ന് കഴിഞ്ഞദിവസം പി. അബ്ദുൽ ഹമീദ് എം.എൽ.എ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ വ്യക്തമാക്കി. വള്ളിക്കുന്നിലേക്ക് വെള്ളമെത്തിക്കുന്നതിന് ഒലിപ്രംകടവിൽ പുഴക്ക് കുറുകെ പൈപ്പ് കൊണ്ടുപോവാൻ വാട്ടർ ലൈൻ ബ്രിഡ്ജ് സ്ഥാപിക്കാനായി കഴിഞ്ഞവർഷം മാർച്ചിൽ മണ്ണ് പരിശോധന നടത്തിയിരുന്നു. ഒലിപ്രംകടവ് റോഡ് പാലത്തിലൂടെ പൈപ്പ് കൊണ്ടുപോവാൻ പൊതുമരാമത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്നായിരുന്നു വാട്ടർ ലൈൻ ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് നീക്കം നടത്തിയിരുന്നത്.
എന്നാൽ വാട്ടർ ലൈൻ ബ്രിഡ്ജ് വഴി പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള ശ്രമവും പാലം പൊളിച്ച് നീക്കേണ്ടിവരുമെന്നതിനാൽ ഒഴിവാക്കുകയായിരുന്നു. തുടർന്നാണ് പുഴക്ക് അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള ഇപ്പോഴത്തെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.