ഓപൺ വാട്ടർ സ്വിമ്മിങ്ങിന് കടലുണ്ടി പുഴയിൽ തുടക്കം
text_fieldsവള്ളിക്കുന്ന്: കടലുണ്ടി പുഴയിലെ ഒലിപ്രം ക്കടവിൽ ഓപൺ വാട്ടർ സ്വിമ്മിങ് നടത്തി ചേലേമ്പ്ര സ്വിംഫിൻ സ്വിമ്മിങ്ങ് അക്കാദമിയുടെ നീന്തൽ താരങ്ങൾ. അക്കാദമിയിലെ ആറ് കുട്ടികളാണ് പരിശീലനത്തിനാവശ്യമായ ബോയകൾ ധരിച്ച് പരിശീലനത്തിന് തുടക്കമിട്ടത്. കോഴിക്കോട്, മലപ്പുറം ജില്ലയിൽ ആദ്യമായാണ് പുഴയിൽ ആവശ്യമായ ബോയകൾ സഹിതം ഓപൺ വാട്ടർ സ്വിമ്മിങ് പരിശീലനം നടക്കുന്നത്. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ ഫ്ലാഗ് ഓഫ് ചെയ്തു.
അപകട മരണങ്ങളിൽനിന്ന് രക്ഷപ്പെടുക എന്ന ഉദ്ദേശ്യത്തോടെ ചേലേമ്പ്ര പള്ളിക്കുളത്തിൽ കോച്ച് ഹാഷിർ ചേലൂപ്പാടത്തിന്റെ ശിക്ഷണത്തിൽ മൂന്നുവർഷം മുമ്പ് ആരംഭിച്ച അക്കാദമിയിലൂടെ ഇന്ന് 1400ലധികം കുട്ടികൾക്ക് നീന്തൽ പഠിപ്പിക്കാൻ സാധിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും അക്കാദമിയിലെ താരങ്ങൾ നേടിയിട്ടുണ്ട്. നിലവിൽ ജില്ല നീന്തൽ ചാമ്പ്യന്മാരായ അക്കാദമി മറ്റ് ക്ലബ് അക്വാറ്റിക്സ് മത്സരങ്ങളിലും, ജില്ലാ സംസ്ഥാന മത്സരങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. കഴിഞ്ഞവർഷം പഞ്ചായത്ത് കുളത്തിൽ മുങ്ങിപ്പോയ ഒരു വിദ്യാർഥിയെ രക്ഷപ്പെടുത്താനും കോച്ച് ഹാഷിർ ചേലൂപ്പാടത്തിന് സാധിച്ചു.
ഉദ്ഘാടന ചടങ്ങിൽ ദേവകിയമ്മ മെമ്മോറിയൽ സ്ഥാപനങ്ങളുടെ മാനേജർ എം. നാരായണൻ മുഖ്യാതിഥിയായി. സി.പി. ശബീർ അലി അധ്യക്ഷത വഹിച്ചു. അക്കാദമി കൺവീനർ വി.സുരേഷ്, അംഗങ്ങളായ പുരുഷോത്തമൻ, കെ.ആർ. ശ്രീഹരി, കെ.എം. ബീന എന്നിവർ സംസാരിച്ചു. അക്കാദമിയിലെ താരങ്ങളായ ആനന്ദ്, ഋതു കൃഷണൻ, എൻ.കെ. നബ്ഹാൻ, മുഹമ്മദ് ഹിഷാം, ശിവകാന്ത്, ശ്രേയസ് വിനായക് എന്നിവരാണ് ഒലിപ്രം പുഴയിൽ പ്രകടനം കാഴ്ചവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.