വൈദ്യുതി തടസ്സങ്ങളും വോൾട്ടേജ് പ്രശ്നങ്ങളും; പരിഹാരം തലപ്പാറ കേന്ദ്രീകരിച്ച് സബ് സ്റ്റേഷൻ
text_fieldsവള്ളിക്കുന്ന്: നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടാവുന്ന വൈദ്യുതി തടസ്സങ്ങൾക്കും വോൾട്ടേജ് പ്രശ്നങ്ങൾക്കും തലപ്പാറ കേന്ദ്രീകരിച്ച് സബ് സ്റ്റേഷൻ സ്ഥാപിക്കുകയാണ് ശാശ്വതപരിഹാരമെന്ന് കെ.എസ്.ഇ.ബി അധികൃതർ. വൈദ്യുതി പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യാൻ പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ അധ്യക്ഷതയിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ട്രാൻസ്മിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഹൈദറലി ഇക്കാര്യം വിശദീകരിച്ചത്. പദ്ധതിക്കാവശ്യമായ ഒരേക്കർ സ്ഥലം കണ്ടെത്തുന്നതിന് മൂന്നിയൂർ, പെരുവള്ളൂർ, തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരുടെ നേതൃത്വത്തിൽ സബ് കമ്മിറ്റി രൂപവത്കരിച്ചു.
നിലവിലെ ഫീഡറുകളിലെ അധിക ലോഡ് കാരണമാണ് ഫീഡർ ഓഫാകുന്നത്. റീലോഡിങ്ങിനായി ഒന്നിടവിട്ട ദിവസങ്ങളിൽ അഞ്ച് ട്രാൻസ്ഫോർമറുകൾ ഒന്നര മണിക്കൂറോളം ഓഫാക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ യോഗത്തിൽ അറിയിച്ചു. ഇതിന് കൃത്യമായ ഷെഡ്യൂൾ തയാറാക്കി ഗുണഭോക്താക്കളെ ആഴ്ചയിൽ അറിയിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതനുസരിച്ച് എല്ലാ ആഴ്ചയിലും ഷെഡ്യൂൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും. താൽക്കാലിക പരിഹാരമാർഗമെന്ന നിലയിൽ ചേളാരിയിലെ 110 കെ.വി സബ് സ്റ്റേഷൻ കപ്പാസിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 12.5 എം.വി.എ ട്രാൻസ്ഫോർമർ സ്ഥാപിച്ച് കഴിഞ്ഞെങ്കിലും ഭൂഗർഭ ലൈൻ വലിക്കാൻ ദേശീയപാത വിഭാഗത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
പ്രശ്ന പരിഹാരത്തിന് ശാശ്വത പരിഹാരം എന്ന നിലയിൽ തലപ്പാറ - മൂന്നിയൂർ ഭാഗത്ത് 110 കെ.വി സബ് സ്റ്റേഷൻ വരേണ്ടതുണ്ട്. എങ്കിലെ തലപ്പാറ, വള്ളിക്കുന്ന്, ചെമ്മാട്, മൂന്നിയൂർ ഭാഗങ്ങളിലെ വൈദ്യുതി പ്രശ്നം പൂർണമായി പരിഹരിക്കാനാകൂ. ഇതിലേ പോകുന്ന 110 കെ.വി. ലൈനിനടുത്ത് ഭൂമി കിട്ടുന്നതിന് വേണ്ടി കെ. കലാം, എൻ.എം. സുഹറാബി, ടി. വിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ സബ് കമ്മിറ്റിയും രൂപവത്കരിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. കലാം, സുഹറാബി, വിജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടിൽ, തിരൂരങ്ങാടി പ്രസരണ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഒ.പി. വേലായുധൻ, പരപ്പനങ്ങാടി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഒ. റൈഹാനത്ത്, അസി. എൻജിനീയർ സുധീപ് എന്നിവർ പങ്കെടുത്തു. നിലവിലെ പ്രശ്നങ്ങൾക്കുള്ള താൽക്കാലിക പരിഹാരത്തിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് യോഗത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.