കടലുണ്ടിക്കടവ് അഴിമുഖത്തെ മണൽതിട്ട: വിദഗ്ധ സമിതി പരിശോധിക്കും
text_fieldsവള്ളിക്കുന്ന്: മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കടലുണ്ടിക്കടവ് പാലത്തിന് സമീപത്തെ അഴിമുഖത്തും ഫിഷ് ലാൻഡിങ് സെന്ററിന് (ബോട്ട് ജെട്ടി ) സമീപവും രൂപപ്പെട്ട മണൽതിട്ടയും മണ്ണും ചെളിയും നീക്കം ചെയ്യുന്നത് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിയെ ജില്ല കലക്ടർ ചുമതലപ്പെടുത്തിയതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. തിരൂർ സബ് കലക്ടർ, വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെയാണ് സംയുക്ത പരിശോധനക്കായി ചുമതലപ്പെടുത്തിയത്.
കടലുണ്ടിക്കടവ് പാലത്തിന് സമീപം കടലും കടലുണ്ടി പുഴയും സംഗമിക്കുന്ന പ്രദേശത്താണ് പുഴയിൽ മണൽതിട്ടയും മണ്ണും ചെളിയും അടിഞ്ഞത്. ഇതുകാരണം പുഴയിലേയും തോടുകളിലേയും കൈതോടുകളിലേയും നീരൊഴുക്കിന് തടസ്സമുണ്ടെന്നും പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് ഫിഷ് ലാൻഡിങ് സെൻറർ ഉപയോഗിക്കാനാവുല്ലെന്നും ചൂണ്ടിക്കാണിച്ച് റവന്യു മന്ത്രി കെ. രാജനും മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാനും അബ്ദുൽ ഹമീദ് എം.എൽ.എ കത്ത് നൽകിയിരുന്നു. അതേസമയം നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിദഗ്ധ സമിതിയുടെ സംയുക്ത പരിശോധനക്ക് ശേഷം മാത്രമേ ജില്ല ദുരന്ത നിവാരണ സമിതി അന്തിമ നടപടി എടുക്കൂവെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.