ദേശീയപാതയിലെ അശാസ്ത്രീയ നിർമാണം; ഒഴുക്കിൽപെട്ട് രണ്ട് മരണം, സമരത്തിന് പഞ്ചായത്ത്
text_fieldsവള്ളിക്കുന്ന്: ദേശീയപാത വികസനത്തിന്റെ അശാസ്ത്രീയ നിർമാണ പ്രവൃത്തി മൂലം ഒരാഴ്ചക്കുള്ളിൽ ചേലേമ്പ്രയിൽ രണ്ട് മരണങ്ങൾ. പടിഞ്ഞാറ്റിൻ പൈ ഭാഗത്ത് പ്രണവാനന്ദനും പാറയിൽ പുല്ലിപ്പുഴയിൽ മുഹമ്മദ് ഫാദിലും മുങ്ങിമരിച്ചത് ദേശീയപാത നിർമാണത്തിലെ അപാകതയെന്ന് വിലയിരുത്തിയ ചേലേമ്പ്ര പഞ്ചായത്ത് ഭരണസമിതി ബഹുജന കൺവെൻഷനുകളും പ്രതിരോധ സമര പരിപാടികളും ആസൂത്രണം ചെയ്തു.
കോടതിയെ സമീപിക്കാനും തീരുമാനിച്ചു. നഷ്ടപരിഹാരത്തിനായി സർക്കാറിന്റെ സഹായം തേടും. ദേശീയപാത പ്രോജക്ട് വിഭാഗത്തിന്റെ സംയുക്ത യോഗവും അടുത്തിടെ ചേരും.
ദേശീയപാതയുടെ ഇരുവശങ്ങളിലും ഉണ്ടാക്കിയ അഴുക്കുചാലുകൾ അധികവും തുറന്നുവിട്ടിരിക്കുന്നത് ജനവാസ കേന്ദ്രങ്ങളിലേക്കും വീടുകളുടെ മുന്നിലേക്കും റോഡുകളിലേക്കുമായതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഇടിമുഴിക്കൽ മുതൽ ചെട്ടിയാർ മാട് വരെയുള്ള അഞ്ച് കിലോമീറ്റർ ചേലേമ്പ്രയിലൂടെ ഹൈവേ കടന്നുപോകുന്ന ഭാഗങ്ങളാണ്. ഒരു ഭാഗത്ത് പൈങ്ങോട്ടൂർ ചേലൂപ്പാടം ഇടിമുഴിക്കൽ ഭാഗങ്ങളും മറുഭാഗത്ത് പടിഞ്ഞാറ്റിൻ പൈ, കാക്കഞ്ചേരി ഭാഗങ്ങളാണ്.
അഴുക്കുചാലിലൂടെ കുത്തിയൊഴുകി വരുന്ന വെള്ളം ഇരു ഭാഗങ്ങളിലേക്കുമായാണ് ഒഴുകി പോവുന്നത്. തുടർന്ന് ചേലേമ്പ്രയിലെ പ്രധാന തോടുകളായ പെരുനീരി തോട്, നീറാളത്തോട് എന്നിവ നിറഞ്ഞ് കവിഞ്ഞ് ജനവാസ മേഖലയിലേക്ക് വെള്ളം കയറുകയാണ്. കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറി ഒമ്പത് കുടുംബങ്ങളെ സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. കൂടാതെ 50ഓളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മാറി താമസിച്ചു.
ദേശീയപാത വികസനം മൂലം ജനം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാനും പരിഹാര നടപടികൾ ഉണ്ടാക്കാനുമായാണ് സർവകക്ഷിയോഗം വിളിച്ചുചേർത്തത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. സമീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, കെ. ശശിധരൻ, ഇക്ബാൽ പൈങ്ങോട്ടൂർ, ഉഷ തോമസ്, സി. ഹസ്സൻ, ഇ.ഐ. കോയ, കെ. റഫീഖ്, സി. രാജേഷ്, ഹുസൈൻ കാക്കഞ്ചേരി, ഉണ്ണി അണ്ടിശേരി, കെ.എൻ. ഉദയകുമാരി, എം. പ്രതീഷ്, വിവിധ രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.