'കുട്ടി ഡ്രൈവർ'മാർക്ക് കടിഞ്ഞാൺ
text_fieldsവള്ളിക്കുന്ന്: സ്കൂൾ തുറന്നതോടെ 'കുട്ടി ഡ്രൈവർമാർ' വാഹനവുമായി റോഡിലിറങ്ങുന്നത് തടയാൻ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ് സ്കൂളുകളിലെത്തി. ലൈസൻസ്, ഹെൽമറ്റ് എന്നിവ ഇല്ലാതെയും മൂന്നുപേരുടെ ഇരുചക്രവാഹനയാത്ര, മറ്റു നിയമങ്ങൾ പാലിക്കാതെയും വിദ്യാർഥികൾ സ്കൂളിലെത്തുന്നത് അനുവദിക്കില്ല. അധ്യാപകർ, പി.ടി.എ, രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടെയാണ് ആദ്യഘട്ട ബോധവത്കരണം. വിദ്യാർഥികൾ വാഹനവുമായി പിടിക്കപ്പെട്ടാൽ രക്ഷിതാക്കൾക്കെതിരെയും, ആർ.സി. ഉടമക്കെതിരെയും പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടിയെടുക്കും.
സ്കൂളുകളിൽ എത്തിയ ഉദ്യോഗസ്ഥർ സ്കൂൾ ബസുകളും പരിശോധിച്ചു. തിരൂരങ്ങാടി ജോയന്‍റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്‍റെ നിർദേശപ്രകാരം എ.എം.വി.ഐമാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, ടി. മുസ്തജാബ് എന്നിവരുടെ നേതൃത്വത്തിലാണ് വള്ളിക്കുന്ന്, ചെമ്മാട്, വേങ്ങര, കോട്ടക്കൽ, പരപ്പനങ്ങാടി തുടങ്ങി വിവിധ മേഖലയിലെ സ്കൂളുകളിൽ ബോധവത്കരണം നടത്തിയത്. വരുംദിവസങ്ങളിൽ സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് മഫ്തിയിൽ പരിശോധന ആരംഭിക്കുമെന്നും രക്ഷിതാക്കൾക്ക് എതിരെയും, വാഹനത്തിന്‍റെ ആർ.സി ഉടമക്കെതിരെയും പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജോയന്‍റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.