എം.എൽ.എ ഇടപെട്ടു, മന്ത്രി മുന്നിട്ടിറങ്ങി; ഗോപികക്കും ദേവികക്കും വീട്ടിൽ 'പൊൻവെളിച്ചം'
text_fieldsവള്ളിക്കുന്ന്: എം.എൽ.എയുടെ ഇടപെടലും മന്ത്രിയുടെ അടിയന്തര ഉത്തരവും വെളിച്ചം വീശിയത് ഗോപികയുടെയും ദേവികയുടെയും ജീവിതസ്വപ്നങ്ങളിൽ. വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് ഓൺലൈൻ പഠനം തടസ്സമായ സഹോദരിമാരായ വിദ്യാർഥികൾക്കാണ് പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെയും മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെയും ഇടപെടൽ തുണയായത്. വള്ളിക്കുന്ന് ആനങ്ങാടിക്ക് സമീപം ചാത്തനാകണ്ടത്ത് വീട്ടിൽ രാജേഷിെൻറ മക്കളായ ആറ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന ഗോപിക, ദേവിക എന്നിവർക്കാണ് സാങ്കേതികത്വത്തിെൻറ നൂലാമാലകൾ മാറിനിന്നപ്പോൾ നാലുനാൾക്കകം വൈദ്യുതിയെത്തിയത്. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സമ്മാനമായി ടി.വിയും പഠനോപകരണങ്ങളും കൂടി എത്തിയതോടെ പൊൻവെളിച്ചം തൂകിയ സന്തോഷത്തിലാണ് ഇരുവരും.
സ്മാർട്ട്ഫോൺ സംഘടിപ്പിച്ചിട്ടും വൈദ്യുതി കണക്ഷൻ ഇല്ലാത്തതിെൻറ പേരിൽ ഓൺലൈൻ ക്ലാസിൽ കൃത്യമായി പങ്കെടുക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന ഇവരെക്കുറിച്ച് ഗ്രാമപഞ്ചായത്ത് അംഗം കെ. സുഹറാബിയും സി.ബി.എച്ച്.എസ് എസ്.സ്കൂൾ പ്രധാനാധ്യാപിക രമയുമാണ് എം.എൽ.എയുടെ ഓഫിസിൽ അറിയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച നിയമസഭ സമ്മേളനത്തിന് തിരുവനന്തപുരത്ത് എത്തിയ എം.എൽ.എ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ വിവരം ധരിപ്പിച്ചു. ഉടൻ മന്ത്രി വൈദ്യുതി വകുപ്പ് വിതരണ സമിതി അംഗം കുമാരനോട് റിപ്പോർട്ട് തേടുകയും അടിയന്തരമായി കണക്ഷൻ നൽകാൻ നിർദേശിക്കുകയും ചെയ്തു. മന്ത്രിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് അപേക്ഷ സ്വീകരിച്ച് നാല് ദിവസത്തിനുള്ളിൽ 237 മീറ്റർ ദൂരത്തിൽ ആറ് പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി നൽകിയത്. ബോർഡിെൻറ നിലവിലെ നിയമമനുസരിച്ച് 200 മീറ്റർ വരെ മാത്രമേ സർവിസ് കണക്ഷൻ അനുവദിക്കൂ. ഇതിന് പ്രത്യേക അനുമതി നൽകിയാണ് കണക്ഷൻ നൽകിയത്.
വൈദ്യുതി ഉദ്യോഗസ്ഥർ മാതൃകയായപ്പോൾ മധുരം നൽകി ഗ്രാമപഞ്ചായത്ത് അംഗവും കുട്ടികളും സന്തോഷം പങ്കുവെച്ചു. കെ.എസ്.ഇ.ബി സ്റ്റാഫ് ക്ലബാണ് ടി.വി നൽകിയത്. തിരൂരങ്ങാടി ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ഒ.പി. വേലായുധൻ സ്വിച്ച് ഓൺ നിർവഹിച്ചു. അസി. എൻജിനീയർ പ്രസീദ് കുമാർ, സൂപ്രണ്ട് സുനിൽ കുമാർ എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.