ഇന്നുമുതൽ മൂന്ന് പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്
text_fieldsവള്ളിക്കുന്ന്: അവഗണനയിൽ ഒതുങ്ങി കുറച്ചുകാലങ്ങളായി വികസനത്തിന്റെ ചൂളം വിളിയൊച്ചകൾ നിലച്ചുതുടങ്ങിയ വള്ളിക്കുന്നിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യവും ശക്തമാവുന്നു. തിങ്കളാഴ്ച മുതൽ മൂന്ന് ട്രെയിനുകളാണ് വള്ളിക്കുന്നിൽ യാത്രക്കാർക്കായി നിർത്തുക.
ഷൊര്‍ണൂര്‍-കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിനുകൾക്കും തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്സ്പ്രസിനുമാണ് സ്റ്റോപ് അനുവദിച്ചത്. പുലർച്ച 05.49ന് കണ്ണൂർ മെമു വള്ളിക്കുന്നിലെത്തും. തിരിച്ച് ഷൊർണൂരിലേക്കുള്ള വണ്ടി രാത്രി 08.24ന് എത്തും. തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്സ്പ്രസിന് വൈകീട്ട് 3.17നാണ് വള്ളിക്കുന്നിൽ സ്റ്റോപ്.
മൂന്ന് പുതിയ ട്രെയിനുകൾക്കുകൂടി സ്റ്റോപ് അനുവദിച്ചതിന്റെ ആഹ്ലാദത്തിലാണ് വള്ളിക്കുന്നുകാർ. എന്നാൽ, അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ പിറകിൽതന്നെയാണ് ഇപ്പോഴും സ്റ്റേഷൻ. വർഷങ്ങളായുള്ള മുറവിളിക്കൊടുവിൽ ആരംഭിച്ച പ്ലാറ്റ്ഫോമുകൾ ഉയർത്തുന്ന പ്രവൃത്തി പാതിവഴിയിൽ നിർത്തിയ അവസ്ഥയാണ്. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ മാത്രമാണ് പ്രവൃത്തി നടന്നത്. ട്രാക്കിനോട് ചേർന്ന് ഇഷ്ടിക നിരത്തി മണ്ണിട്ട് ഉയർത്തിയിട്ടുണ്ട്. പ്ലാറ്റ്ഫോമിൽ ഇട്ട ചെമ്മണ്ണ് മഴ പെയ്തതോടെ ചളിക്കുളമായി മാറി. ചളിയിൽ ചവിട്ടി മാത്രമേ ഇപ്പോൾ ട്രെയിനിൽ കയറാൻ കഴിയൂ. ട്രെയിൻ ഇറങ്ങുന്നവർ ലഗേജ് ഇറക്കിവെക്കുന്നതും ചളിയിലാണ്. ഫെബ്രുവരിയിലാണ് ഇതിന്റെ നിർമാണം ആരംഭിച്ചത്. ഒരു വർഷമാണ് കരാറുകാരന് പ്രവൃത്തി പൂർത്തിയാക്കാനുള്ള കാലാവധി.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ യാത്രക്കാർക്ക് ഏറെ പ്രയാസം ഉണ്ട്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിലും വൻ വർധന ഉണ്ടാവും. സ്റ്റേഷനോട് ചേർന്ന് ഒഴിഞ്ഞുകിടക്കുന്ന റെയിൽവേ ഭൂമിയിൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അടുത്ത കാലം വരെ ഉപയോഗമില്ലാതെ കിടന്ന റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർ ബ്രിഡ്ജും പരിപാലനമില്ലാതെ നശിക്കുകയാണ്. സുരക്ഷക്ക് ഒരുക്കിയ ഇരുമ്പ് നെറ്റുകൾ ഉൾപ്പെടെ തുരുമ്പെടുത്ത് നശിച്ചു. നടപ്പാതയിലും വിവിധ ഭാഗങ്ങളിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമാണ് പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂരയുള്ളത്. വെളിച്ചസംവിധാനങ്ങൾ കൂടുതൽ ഭാഗങ്ങളിലേക്കുകൂടി വേണമെന്നും ആവശ്യം ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.