ചെട്ടിപ്പടി-കടലുണ്ടിക്കടവ് റോഡ് നവീകരണം
text_fieldsവള്ളിക്കുന്ന്: തിരൂർ-കടലുണ്ടി റോഡിലെ ചെട്ടിപ്പടി മുതൽ കടലുണ്ടിക്കടവുവരെ നിലവിൽ ഗതാഗത യോഗ്യമല്ലെന്നും നവീകരണത്തിന് പ്രത്യേക പരിഗണന നൽകി ഫണ്ട് അനുവദിക്കാൻ സർക്കാറിനോട് ശിപാർശ ചെയ്യാനും പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന വള്ളിക്കുന്ന് നിയോജക മണ്ഡലംതല പൊതുമരാമത്ത് വിഭാഗം മോണിറ്ററിങ് സമിതി യോഗത്തിൽ തീരുമാനം.
മറ്റു തീരുമാനങ്ങൾ. കോഹിനൂർ-പുത്തൂർ പള്ളിക്കൽ-കുമ്മിണിപ്പറമ്പ് റോഡിൽ ജൽ ജീവൻ മിഷൻ പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ഇരുവശവും കീറിയത് റീ സ്റ്റോറേഷൻ നടത്താത്തത് അപകടങ്ങൾ വർധിക്കാൻ കാരണമാവുന്നതിനാൽ പൊതുമരാമത്ത് റോഡ്സ് വിഭാഗവും നിർവഹണ ചുമതലയുള്ള ജല വിഭവ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി അടിയന്തര നടപടി സ്വീകരിക്കും. യൂനിവേഴ്സിറ്റി - കടക്കാട്ടുപാറ-ഒലിപ്രം കടവ്-മുക്കത്ത കടവ് റോഡിലെ കൈയേറ്റം കണ്ടെത്തുന്നതിന് സർവേ നടത്തും. റോഡ് വീതി കുറഞ്ഞ ഭാഗങ്ങളിൽ സ്ഥലം കണ്ടെത്തുന്നതിന് ഭൂവുടമകളുടെ യോഗം വിളിച്ച് ചേർക്കും.
ഇതേ റോഡിൽനിന്ന് ചില വീടുകളിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്നത് പരിഹരിക്കാൻ 24 ലക്ഷം രൂപയുടെ ഡി.പി.ആർ സമർപ്പിച്ചിട്ടുണ്ട്. തോട്ടശ്ശേരിയറ-ഇല്ലത്തുമാട്-പാത്തിക്കുഴി റോഡ് കിഫ്ബിയുടെ 10 കോടി രൂപ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഭൂവുടമകൾ നിർവഹണ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിക്കും. ചേളാരി-വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ ബൈപാസ് റോഡ് നിർമാണം, ചേളാരി ദേശീയപാത വിഭാഗം ഓഫിസ് മിനി റെസ്റ്റ് ഹൗസ് ആക്കുന്നത് സംബന്ധിച്ചുമുള്ള വിശദമായ സാധ്യത പഠന റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും.
ചേളാരി സ്കൂൾ നവീകരണത്തിന് സോയിൽ ടെസ്റ്റ് ഇൻവെസ്റ്റിഗേഷന് ഫണ്ടില്ലെന്ന് പറഞ്ഞ് പൊതുമരാമത്ത് കെട്ടിട വിഭാഗം ഫയൽ മടക്കിയതിനാൽ നിലവിലെ ഭരണാനുമതിയിൽ ഉൾപ്പെടുത്തി സോയിൽ ടെസ്റ്റ് ഇൻവെസ്റ്റിഗേഷന് നടത്താനുള്ള അനുമതിക്കായി ചീഫ് എൻജിനീയർക്ക് സമർപ്പിച്ചിട്ടുണ്ട്. ജൽ ജീവൻ മിഷൻ പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുവേണ്ടി അനുമതിക്കായി സമർപ്പിച്ച അപേക്ഷകൾ ഒരാഴ്ചക്കകം അനുമതി നൽകും.
പുതിയ അപേക്ഷകൾ നൽകുമ്പോൾ റീസ്റ്റേറേഷൻ ചുമതല പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് തന്നെയായിരിക്കുമെന്ന ഉപാധിയിലാണ് അനുമതി നൽകുക. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ കെട്ടിട നിർമാണം അവസാന ഘട്ടത്തിലാണ്. ഇത് വേഗത്തിൽ പൂർത്തീകരിക്കും. എൻ.സി.സി കെട്ടിട നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. പെരുവള്ളൂർ ഒളകര സ്കൂളിന്റെ 1.5 കോടി രൂപയുടെ കെട്ടിട നിർമാണം ടെൻഡർ പൂർത്തീകരിച്ചു. പെരുവള്ളൂർ നടുക്കര സ്കൂളിന്റെ ഒരു കോടി രൂപയുടെ കെട്ടിട നിർമാണം ഭരണാനുമതിക്കായി സമർപ്പിച്ചു.
വെളിമുക്ക് ആയുർവേദ ആശുപത്രിയുടെ അഞ്ചുകോടി രൂപയുടെ കെട്ടിട നിർമാണം ഭരണാനുമതിക്കായി ഡി.പി.ആർ ഒരാഴ്ചക്കകം സമർപ്പിക്കും. ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഞ്ചുകോടി രൂപയുടെ കെട്ടിട നിർമാണം ഭരണാനുമതിക്കായി ഡി.പി.ആർ അടുത്ത മാസം സമർപ്പിക്കും.
പള്ളിക്കൽ ബ്ലോക്ക് ലെവൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഹെൽത്ത് ഗ്രാന്റ് ഫണ്ടുൾപ്പെടെയുള്ള 5.8 കോടി രൂപയുടെ കെട്ടിട നിർമാണം എച്ച്.എൽ.എൽ ലൈഫ് കെയർ തയാറാക്കുന്ന മാസ്റ്റർ പ്ലാൻ പ്രകാരം ഡി.പി.ആർ തദ്ദേശ സ്വയം ഭരണ സാങ്കേതിക വിഭാഗം സമർപ്പിക്കും. പെരുവള്ളൂർ ബ്ലോക്ക് ലെവൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മൂന്നുകോടി രൂപയുടെ കെട്ടിട നിർമാണത്തിന്റെ ഡി.പി.ആർ അടുത്ത വാരത്തിൽ ഭരണാനുമതിക്കായി സമർപ്പിക്കും.
യോഗത്തിൽ നിയോജക മണ്ഡലം മോണിറ്ററിങ് സമിതി കൺവീനർ കോഴിക്കോട് ഉത്തര മേഖല പൊതുമരാമത്ത് കെട്ടിട വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടിങ് എൻജിനീയർ പി. ജയരാജൻ, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനിയർ ഇ.കെ. മുഹമ്മദ് ഷാഫി, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ വിനോദ് ചാലിൽ, കെ.ആർ.എഫ്.ബി അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ഫിജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.