വന്ദേഭാരത്: ആശ്വസിക്കാം, സന്തോഷിക്കാനായിട്ടില്ല
text_fieldsതിരൂർ: കേരളത്തിന് പുതുതായി അനുവദിച്ച രണ്ടാം വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ് അനുവദിച്ചത് ജില്ലയിലെ യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ്. എന്നാൽ, പൂർണമായി സന്തോഷിക്കാനായിട്ടില്ല. അതിന് ഇനിയും ഒരുപാട് കടമ്പകൾ ബാക്കിയാണ്. പല പ്രധാന ട്രെയിനുകൾക്കും തിരൂരിൽ സ്റ്റോപ് ഇല്ല എന്നതാണ് കാരണം. കേരളത്തിന് ആദ്യം അനുവദിച്ച വന്ദേഭാരത് ഉൾപ്പെടെ 18 ട്രെയിനുകൾക്ക് ഇനിയും തിരൂരിൽ സ്റ്റോപ് അനുവദിച്ചിട്ടില്ല. ഈ ട്രെയിനുകൾക്ക് ജില്ലയിൽ എവിടെയും സ്റ്റോപ്പില്ല എന്നതാണ് യാഥാർഥ്യം.
ശക്തമായ പ്രതിഷേധം ഉയരുമ്പോൾ റെയിൽവേ അധികൃതർ ആശ്വാസകരമായ നടപടികളിൽ ഒതുക്കുകയാണ് പലപ്പോഴും. ജില്ലയിലെ പ്രധാന സ്റ്റേഷനും ദക്ഷിണ റെയിൽവേയുടെ മികച്ച വരുമാനമുള്ള സ്റ്റേഷനുമായിട്ട് പോലും പലപ്പോഴും തിരൂർ അവഗണനയുടെ നടുവിലാണ്. വാഗൺ ദുരന്ത സ്മരണകൾ വരെ തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് നീക്കിയതും ചരിത്രത്തിൽനിന്നുതന്നെ ഒഴിവാക്കാൻ നടത്തുന്ന നീക്കങ്ങളും ഈ അവഗണനയുടെ ബാക്കിപത്രമാണ്.
അമൃത് ഭാരത് പദ്ധതിയിലൂടെ ചില വികസന പ്രവർത്തനങ്ങൾ തിരൂർ സ്റ്റേഷനിൽ നടക്കുന്നുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല. എന്നാൽ, സംസ്ഥാനത്ത് റെയിൽവേയുടെ വരുമാനത്തിൽ മുൻപന്തിയിലുള്ള തിരൂരിന് മറ്റു ജില്ലകളിലെ എ ക്ലാസ് സ്റ്റേഷനുകൾക്ക് ലഭിക്കുന്ന പരിഗണന നോക്കുമ്പോൾ അർഹതക്കനുസരിച്ച് ലഭിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.