ജോലി ചെയ്ത കടയിൽ മോഷണം പതിവാക്കിയ യുവാവ് പിടിയിൽ
text_fieldsവണ്ടൂർ: മുമ്പ് ജോലി ചെയ്ത ബേക്കറിയിൽ രണ്ട് തവണ മോഷണം നടത്തിയ യുവാവ് അവസാനം പിടിയിലായി. ചെറുകോട് സ്വദേശി മങ്കടയിൽ വീട്ടിൽ നിഖിൽകുമാർ (28) ആണ് പിടിയിലായത്. ആദ്യത്തെ തവണ 25,000 രൂപ മോഷണം പോയിരുന്നു. രണ്ടാംതവണയും കവർച്ചക്കെത്തിയെങ്കിലും പണം കിട്ടിയിരുന്നില്ല. എന്നാൽ ഇതിനിടെ മോഷ്ടാവ് സി.സി.ടിവിൽ കുടുങ്ങി.
ചെറുകോട് അങ്ങാടിയിലെ കെ.എം ബേക്കറിയിൽ കഴിഞ്ഞ മേയ് 22 പുലർച്ചയാണ് നിഖിൽ ആദ്യ മോഷണം നടത്തിയത്. പൂട്ടുപൊളിച്ച് അകത്തുകയറിയ പ്രതി മോഷണത്തിന് ശേഷം സി.സി.ടിവിയുടെ വയറുകളൊക്കെ നശിപ്പിച്ചിരുന്നു. മുമ്പ് ഈ ബേക്കറിയിൽ ജോലി ചെയ്തയാളായതിനാൽ ആ മുൻപരിചയം വെച്ചായിരുന്നു മോഷണം. വ്യാഴാഴ്ച പുലർച്ച മൂന്നിനാണ് രണ്ടാം തവണയും ബേക്കറിയിൽ കയറിയത്.
പൂട്ട് പൊളിച്ച് അകത്തുകയറിയ നിഖിലിന് കാര്യമായി ഒന്നും കിട്ടിയില്ല. തുടർന്നു മേശയിൽ ഉണ്ടായിരുന്ന ആധാർ, പാൻ കാർഡ്, ലൈസൻസ്, തിരിച്ചറിയൽ കാർഡ് മുതലായവയുമായി മുങ്ങി. എന്നാൽ ഇതെല്ലാം മറ്റൊരു സി.സി.ടിവിയിൽ പതിഞ്ഞത് പ്രതി അറിഞ്ഞില്ല. ഇതാണ് പ്രതിയെ കണ്ടെത്താൻ സഹായകമായത്.
എസ്.ഐ മുസ്തഫയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. അന്വേഷണത്തിന് കെ.ജി.അനൂപ് കുമാർ, എസ്. സനീഷ് കുമാർ, പി.ബൈജു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.