അത്താണിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിനെതിരെ യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിലേക്ക്
text_fieldsവണ്ടൂർ: അത്താണിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റ് ജനവാസ മേഖലയിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിലേക്ക്. കഴിഞ്ഞ ഫെബ്രുവരി 22ന് കേന്ദ്രം തുറന്നു പ്രവർത്തിച്ചത് മുതൽ അക്രമസംഭവങ്ങൾ പതിവായതോടെയാണ് യൂത്ത് കോൺഗ്രസ് നിയമ നടപടിക്കൊരുങ്ങുന്നത്. അടുത്ത ആഴ്ച ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ഇ.കെ. അഫ് ലഹ് പറഞ്ഞു. നാട്ടുകാരും ജനപ്രതിനിധികളും അറിയാതെയാണ് ഫെബ്രുവരി 22ന് രാവിലെ 11 മണിയോടെ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.
അന്നുതന്നെ യൂത്ത് കോൺഗ്രസ് അത്താണിക്കയിലെ മദ്യവിൽപന ശാലയിലേക്ക് നടത്തിയ മാർച്ച് പൊലീസ് ലാത്തിചാർജിലാണ് കലാശിച്ചത്. അന്ന് 18 പ്രവർത്തകരുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. കേന്ദ്രം സ്ഥിതി ചെയ്യുന്ന കെട്ടിടവും പരിസരവും ആളൊഴിഞ്ഞ പ്രദേശമായതിനാൽ മദ്യം വാങ്ങിയാൽ പിന്നെ കഴിക്കാൻ ഇടം തെരയേണ്ട കാര്യമില്ല. സമാന രീതിയിൽ മദ്യം വാങ്ങിയ പലരും തൊട്ടടുത്ത റബർ തോട്ടത്തിലിരുന്ന് മദ്യപിച്ച ശേഷം പരിസരത്ത് തന്നെ അന്തിയുറങ്ങുന്നതാണ് നാട്ടുകാർക്ക് തലവേദനയാകുന്നത്. തൊട്ടടുത്ത കോളനികളിലേക്കുള്ള സ്ത്രീകളടക്കം കേന്ദ്രത്തിന് തൊട്ടുമുന്നിലൂടെയുള്ള റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.
ഇവരെയടക്കം മദ്യപസംഘം ശല്യം ചെയ്യുന്നതാണ് പരാതി. രാത്രിയായാൽ പ്രദേശത്ത് അക്രമ സംഭവങ്ങളും മോഷണശ്രമങ്ങളും പതിവാണ്. ഇതേതുടർന്ന് പ്രദേശത്തെ സ്ത്രീകൾ അടക്കമുള്ള ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങളും പതിവ് കാഴ്ചയാണ്. ഈ പശ്ചാത്തലത്തിലാണ് യൂത്ത് കോൺഗ്രസ് നിയമ പോരാട്ടത്തിന് തുടക്കമിടുന്നത്. ഇതിനായി കൊച്ചിയിലെ പ്രമുഖ അഭിഭാഷകനെ ചുമതലപ്പെടുത്തുമെന്നും മണ്ഡലം പ്രസിഡന്റ്, വൈസ് പ്രസിഡൻറ് എം. സുധീഷ്, ജനറൽ സെക്രട്ടറി റാഷിദ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.