അധികൃതർ വാതിൽ കൊട്ടിയടച്ചു; ദുരിതക്കൂരയിൽനിന്ന് മോചനമില്ലാതെ ഇബ്രാഹീമും കുടുംബവും
text_fieldsവണ്ടൂർ: തലക്കു മുകളിൽ ഉറപ്പുള്ള ഒരു മേൽക്കൂരക്കായി വണ്ടൂർ പുല്ലുപറമ്പ് കോളനിയിലെ 61കാരൻ മുട്ടാത്ത വാതിലുകളില്ല. മേത്തപ്പള്ളി ഇബ്രാഹീമും ഭാര്യ ഫാത്തിമയും ഭാര്യാമാതാവ് ബിയ്യാത്തുമ്മയുമടങ്ങുന്ന കുടുംബമാണ് എതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലുള്ള കൂരയിൽ കഴിയുന്നത്.
40 വർഷം മുമ്പാണ് ഇബ്രാഹിമും ഭാര്യ ഫാത്തിമയും പഞ്ചായത്ത് 13ാം വാർഡ് പുല്ലുപറമ്പ് കോളനിയിൽ പഴയൊരു വീടടക്കം നാല് സെൻറ് സ്ഥലം വാങ്ങിയത്. 61 പിന്നിട്ട ഇബ്രാഹിം ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനംകൊണ്ടാണ് കുടുംബം പുലർത്തിയിരുന്നത്.
രണ്ടു കാലിലും ശസ്ത്രക്രിയ നടത്തിയതിനാൽ ഏറേ ബുദ്ധിമുട്ടിയാണ് ഇപ്പോൾ ഓട്ടോ ഓടിക്കുന്നത്. ഇബ്രാഹിമിനും ഫാത്തിമക്കും മക്കളില്ല. ഫാത്തിമയും ശാരീരിക അസ്വസ്ഥതകളാൽ ബുദ്ധിമുട്ടിലാണ്. നല്ലൊരു തുക മരുന്നുകൾക്കുതന്നെ വേണ്ട അവസ്ഥ. അതേസമയം, താമസിക്കുന്ന വീട് കാലപ്പഴക്കത്താൽ ഏതുനിമിഷവും തകരുമെന്ന സ്ഥിതിയിലാണ്. ചുമരുകൾ നിറയെ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. വാതിലും ജനലും മേൽക്കൂരയുടെ കഴുക്കോലുകളുമെല്ലാം ദ്രവിച്ച് തകർച്ച ഭീഷണിയിലാണ്.
കോളനിയിൽ താമസമാക്കിയതു മുതൽ ഇവർ പുതിയൊരു വീടിനായി അപേക്ഷ നൽകിയിരുന്നു. വ്യക്തമായ കാരണങ്ങളില്ലാതെ തങ്ങളെ നിരന്തരം അധികൃതർ അവഗണിക്കുകയാണെന്നാണ് ഇവരുടെ പരാതി. ഭവന പദ്ധതികളിൽനിന്ന് ഇവർ പുറത്തായതിന് പഞ്ചായത്തിനും വ്യക്തമായ ഉത്തരമില്ല. ഭവന പദ്ധതികൾ കൊട്ടിഘോഷിക്കുന്ന നാട്ടിലാണ് അർഹതപ്പെട്ട കുടുംബം വർഷങ്ങളായി വീടിനായി അലഞ്ഞു നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.