ആസ്തികൾ അന്യാധീനപ്പെട്ടെന്ന പരാതി; വണ്ടൂർ പഞ്ചായത്ത് ഓഫിസിൽ പരിശോധന
text_fieldsവണ്ടൂർ: പഞ്ചായത്തിന്റെ കോടികൾ വിലമതിക്കുന്ന ആസ്തികൾ അന്യാധീനപ്പെട്ടെന്ന പരാതിയിൽ നിലമ്പൂർ പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ കെ.എ. അബ്ദുൽ ഗഫൂർ പഞ്ചായത്ത് ഓഫിസിൽ പരിശോധന നടത്തി. പ്രതിപക്ഷമായ സി.പി.എം തദ്ദേശഭരണ വകുപ്പിനടക്കം പരാതി നൽകിയിരുന്നു.
മഞ്ചേരി റോഡിലെ ലുബ്ന തിയറ്റർ സ്ഥിതി ചെയ്യുന്ന 40 സെന്റ് ഭൂമി, വാണിയമ്പലം അങ്ങാടിയിൽ ടൗൺ സ്ക്വയർ നിർമിച്ച 92 സെൻറ്, കാപ്പിലിലെ കൊപ്ര സംഭരണ യൂനിറ്റ് തുടങ്ങിയ ആസ്തികൾ നിലവിൽ സ്വകാര്യ വ്യക്തികൾ കൈവശം വെച്ചനുഭവിക്കുന്നെന്നാണ് പരാതി. പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ചേർന്ന് കോടികൾ വിലമതിക്കുന്ന ഈ ആസ്തികൾ സ്വന്തക്കാർക്ക് ദാനം ചെയ്തിരിക്കുകയാണെന്നും പരാതിയിലുണ്ട്.
കൂടാതെ മിനി വ്യവസായ എസ്റ്ററ്റ് കെട്ടിടം, തൊഴിൽ പരിശീലക കേന്ദ്രത്തിനായി നിർമിച്ച കെട്ടിടം മുതലായവ നശിക്കുകയാണ്. ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തി ആസ്തി തിരിച്ച് പിടിക്കാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് സി.പി.എം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അഡ്വ. അനിൽ നിരവിൽ തദ്ദേശവകുപ്പ് മന്ത്രിക്കടക്കം പരാതി നൽകിയിരുന്നത്.
വെള്ളിയാഴ്ച രാവിലെ 10ന് പഞ്ചായത്തിലെത്തിയ ഉദ്യോഗസ്ഥർ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. ഒന്നര മണിക്കൂറിലധികം സമയം പരിശോധന നടത്തിയ ശേഷമാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.