വാട്സ്ആപ് കഥപറച്ചിലുമായി ഹരീഷ് ആർ. നമ്പൂതിരിപ്പാട്; കേൾവിക്കാരായി അറുപതിനായിരം പേർ
text_fieldsവണ്ടൂർ: ലോക്ഡൗൺ കാലം പുസ്തക പ്രസിദ്ധീകരണം ബുദ്ധിമുട്ടിലായതോടെ കുട്ടിക്കഥകളും കവിതകളും വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച് മുന്നേറുകയാണ് വാണിയമ്പലം യു.സി മനയിൽ ഹരീഷ് ആർ. നമ്പൂതിരിപ്പാട്. കഥ പറയുന്നത് കേൾക്കാൻ കേരളത്തിനകത്തും പുറത്തുമായി അറുപതിനായിരത്തിലധികം പേരാണ് നിലവിലുള്ളത്. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തിനടുത്ത് കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിലെ അംഗവും അധ്യാപകനും ബാലസാഹിത്യകാരനുമായ ഹരീഷ് ലോക്ഡൗൺ കാലത്ത് പുസ്തക പ്രസിദ്ധീകരണം പ്രതിസന്ധിയിലായതോടെയാണ് കാര്യങ്ങൾ വാട്സ്ആപ്പിലേക്ക് മാറ്റിയത്. കഴിഞ്ഞ എട്ടുമാസമായി അദ്ദേഹം വാട്സ്ആപ്പിലൂടെ കുട്ടികൾക്കായി കഥകൾ പറയകയാണ്. കൂത്താട്ടുകുളം കേന്ദ്രമായ വാട്സ്ആപ് ഗ്രൂപ്പിൽ ആരംഭിച്ച കഥപറച്ചിൽ ഇന്ന് ജർമനിയിലും അമേരിക്കയിലും ഇംഗ്ലണ്ടിലും ആഫ്രിക്കൻ രാജ്യങ്ങളിലും വരെ എത്തിനിൽക്കുന്നു.
ഒഴിവുസമയങ്ങളിൽ എഴുതുന്ന കഥകൾ മൊബൈൽ ഫോണിലൂടെ റെക്കോഡ് ചെയ്ത് അർധരാത്രിയാണ് ആവശ്യക്കാരുടെ നമ്പറുകൾ ചേർത്ത് രൂപവത്കരിച്ച വിവിധ വാട്സ്ആപ് ഗ്രൂപ്പുകൾ വഴി അയക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ കവിതകളും കഥകളും മാറിമാറിയാണ് അയക്കുന്നത്. പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പറഞ്ഞുതുടങ്ങിയ കഥപറച്ചിൽ ഇപ്പോൾ വലിയ കുട്ടികളും മുതിർന്നവരും ഒരുപോലെയാണ് ആസ്വദിക്കുന്നത്.
എറണാകുളം ജില്ലയിലെ രാമമംഗലം ഹൈസ്കൂൾ അധ്യാപകനായ ഇദ്ദേഹം ഭാര്യവീടായ വാണിയമ്പലത്തിലിരുന്ന് വിദ്യാർഥികൾക്കായി ഓൺലൈൻ കഥകളും സന്ദേശങ്ങളും നൽകിവരുന്നുണ്ട്. കഥപറച്ചിൽ യൂട്യൂബ് ചാനലിലേക്ക് മാറ്റാനും ഹരീഷ് മാസ്റ്റർക്ക് പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.