ആരോഗ്യമന്ത്രി വന്നിട്ടും രക്ഷയില്ല; വണ്ടൂർ ഗവ. താലൂക്ക് ആശുപത്രി പ്രസവവിഭാഗത്തിന് പൂട്ട്
text_fieldsവണ്ടൂർ: ആരോഗ്യമന്ത്രി വീണ ജോർജിന്റെ സന്ദർശനത്തിനുപിറകെ നേരത്തേ നാമമാത്രമായെങ്കിലും ഉണ്ടായിരുന്ന വണ്ടൂർ ഗവ. താലൂക്ക് ആശുപത്രിയിലെ പ്രസവ വിഭാഗത്തിന്റെ പ്രവർത്തനം പൂർണമായി നിലച്ചത് വിവാദമാവുന്നു. രണ്ടുദിവസത്തിനകം ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനക്ക് പിറകെയാണ് ഉള്ള ഡോക്ടർമാരുടെ സേവനവും ഇല്ലാതായത്.
താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും സ്റ്റാഫ് പാറ്റേൺ അടക്കം യാഥാർഥ്യമാകാത്തതിനാൽ നിലവിൽ ആശുപത്രിയെപ്പറ്റി ആളുകൾക്ക് എന്നും പരാതിയാണ്. ഇതിനിടെയാണ് കഴിഞ്ഞ ഇരുപതിന് ആരോഗ്യമന്ത്രി വീണ ജോർജ് ജില്ലയിലെ ആരോഗ്യ സ്ഥാപന സന്ദർശനത്തിന്റെ ഭാഗമായി വണ്ടൂർ താലൂക്ക് ആശുപത്രിയിലും എത്തിയത്. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഒറ്റക്കെട്ടായി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തെക്കുറിച്ച് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആഴ്ചയിൽ മൂന്നുദിവസം മാത്രമാണ് ഗൈനക് ഒ.പി പ്രവർത്തിക്കുന്നതെന്നായിരുന്നു മന്ത്രിക്ക് മുന്നിലവതരിപ്പിച്ച പരാതി. നിലവിൽ മൂന്ന് ഡോക്ടർമാരാണ് ഗൈനക്കോളജി വിഭാഗത്തിൽ ആശുപത്രിയിൽ ഉള്ളത്. ഇതിൽ രണ്ടുപേർ മന്ത്രി വരുന്ന സമയത്തും അവധിയിലായിരുന്നു. ഇതുകേട്ട മന്ത്രി അവധിയിലുള്ളവരെ ഉടൻ തിരിച്ചുവിളിക്കാനും ഒരു അനസ്തറ്റിസ്റ്റിനെ നിയമിക്കാനും ഉത്തരവിട്ടിരുന്നു. ഇതിനായി ഡി.എം.ഒയെ ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാൽ, മന്ത്രി പോയി ഒരാഴ്ച കഴിഞ്ഞിട്ടും ഉത്തരവ് നടപ്പായില്ലെന്ന് മാത്രമല്ല ആകെയുണ്ടായിരുന്ന ഗൈനക്കിലെ ഡോക്ടർ കൂടി സ്ഥലം മാറി പോവുകയാണുണ്ടായത്. ഇതോടെ നിലവിൽ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ആശുപത്രിയുടെ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ആരോഗ്യമന്ത്രിയെ ബന്ധപ്പെട്ടിട്ടും ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടി ലഭിച്ചിട്ടില്ല എന്നാണറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.