കാക്കാത്തോട് പാലം പ്രവൃത്തി താൽക്കാലിക റോഡായി
text_fieldsവണ്ടൂർ: സംസ്ഥാനപാതയിലെ പോരൂർ അയനിക്കോട് കാക്കാത്തോട് താൽക്കാലിക ബൈപാസ് റോഡ് ഞായറാഴ്ച തുറക്കാൻ സാധ്യത. എൻ.സി.പി ദേശീയ എക്സിക്യൂട്ടിവ് അംഗം കണ്ണിയൻ അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള റോഡ് നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പാണ്ടിക്കാട് റോഡിൽനിന്ന് വണ്ടൂർ റോഡിലേക്ക് താൽക്കാലിക പാത ഒരുക്കുന്നത്.
പാത കടന്നുപോകുന്ന കാക്കത്തോട്ടിൽ വലിയ കോൺക്രീറ്റ് പൈപ്പുകൾ നിരത്തി അതിന് മുകളിലൂടെ മണ്ണ് നിരത്തുന്ന പ്രവൃത്തികളാണ് നടക്കുന്നത്. പാത നിർമാണത്തിന് പഞ്ചായത്തുകളുടെ ഫണ്ടുകൾക്ക് കാത്തുനിൽക്കുന്നില്ലെന്നതും പ്രത്യേകതയാണ്.പാലം പുനർനിർമാണ പ്രവൃത്തികളുടെ ഭാഗമായി എർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ പി.ഡബ്ല്യു.ഡി (പാലം വിഭാഗം) അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ.പി. രാമകൃഷ്ണനും സംഘവും കാക്കാത്തോട് എത്തിയിരുന്നു.
നാട്ടുകാരും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് പുതിയ റോഡ് നിർമിക്കാനും അതുവരെ നിലവിലെ പാലം തുറക്കാനും ധാരണയായത്. തുടർന്നാണ് പ്രവൃത്തികൾക്ക് കണ്ണിയൻ കരീമിന്റെ നേതൃത്വത്തിൽ തുടങ്ങിയത്.
താൽക്കാലിക പാതയുടെ പ്രവൃത്തിക്ക് അഞ്ച് ലക്ഷം രൂപയാണ് പി.ഡബ്ല്യു.ഡി ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ, നാട്ടുകാരുടെ സഹകരണത്തിൽ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയതോടെ ഒരുലക്ഷം രൂപ താഴെ മാത്രമാണ് ചെലവു വന്നതെന്ന് കരീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.