ലോട്ടറി തട്ടിപ്പ്: രാമകൃഷ്ണന് നഷ്ടപ്പെട്ട തുക നൽകി സ്കൂൾ വിദ്യാർഥികളുടെ മാതൃക
text_fieldsവണ്ടൂർ: വ്യാജ ലോട്ടറി ടിക്കറ്റ് നല്കി അംഗപരിമിതനെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ ലോട്ടറി വില്പനക്കാരന് നഷ്ടപ്പെട്ട പണം നൽകി വിദ്യാർഥികളുടെ മാതൃക. ഓട്ടൺ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളാണ് വാർത്ത അറിഞ്ഞതോടെ സഹായവുമായി എത്തിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയാണ് സ്കൂട്ടറിലെത്തിയ രണ്ടുപേര്‍ സംസ്ഥാന പാതയോരത്ത് നടുവത്ത് ലോട്ടറി വില്പന നടത്തുന്ന കാരാട്ടുതൊടി രാമകൃഷ്ണന്റെ ചായക്കടയിലെത്തി സമ്മാനമുണ്ടെന്ന് പറഞ്ഞ് ടിക്കറ്റ് നല്‍കിയത്. മൊബൈൽ ആപ്പ് വഴി സ്കാന്‍ ചെയ്ത് നോക്കിയപ്പോൾ ടിക്കറ്റിന് 5000 രൂപ സമ്മാനമുണ്ടെന്ന് കാണിക്കുകയും ചെയ്തു. തുടര്‍ന്ന് നാലായിരം രൂപയും ആയിരം രൂപക്ക് ടിക്കറ്റുകളും നല്കി. വൈകീട്ട് വണ്ടൂരിലെ മൊത്തവില്പന കടയിലെത്തി പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം മനസ്സിലായത്. 51കാരനായ രാമകൃഷ്ണൻ അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടയാൾ കൂടിയാണ്.
ഇക്കാര്യം വാർത്തയിലൂടെ അറിഞ്ഞ വിദ്യാർഥികളാണ് അധ്യാപകർക്കൊപ്പം പണവുമായി രാമകൃഷ്ണന്റെ കടയിലെത്തിയത്. ലീഡർ കെ.പി. ഫിയ ധനസഹായം കൈമാറി. ചടങ്ങുകൾക്ക് സ്കൂൾ അഡ്മിനിസ്ട്രറ്റർ സുശീൽ പീറ്റർ, അധ്യാപകരായ കെ. ഷിനോയ്, കെ. നിഷ, വിദ്യാർഥികളായ സി. നിയ, സി.എം. ഫാത്തിമ ഹെന്ന, യു. നജി ഫൈസൽ, എം.ടി. അത്തൂഫ് സലീം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.