ഭാരവാഹികളുടെ കൂട്ടരാജി; മുടപ്പിലാശ്ശേരി കോൺഗ്രസ് വാർഡ് കമ്മിറ്റി പിരിച്ചുവിട്ടു
text_fieldsവണ്ടൂർ: വാണിയമ്പലം മുടപ്പിലാശ്ശേരി വാർഡിൽ കോൺഗ്രസിൽനിന്ന് കൂട്ടരാജി. വാർഡ് പ്രസിഡൻറ് ഉൾപ്പെടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ മുഴുവൻപേരും രാജിവെച്ചതിനെ തുടർന്ന് വാർഡ് കമ്മിറ്റി പിരിച്ചുവിട്ടതായി വാർഡ് പ്രസിഡൻറ് യു. സച്ചിദാനന്ദൻ പറഞ്ഞു. കഴിഞ്ഞദിവസം നിര്യാതനായ സി.കെ. മുബാറക്കിെൻറ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് നിലനിന്ന പ്രശ്നങ്ങളാണ് കൂട്ടരാജിക്ക് കാരണം.
ഒമ്പതാം വാർഡിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി ജയിച്ച മുബാറക്കിെൻറ ആകസ്മിക വിയോഗത്തോടെയാണ് പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ രൂക്ഷമായത്. കഴിഞ്ഞദിവസം വാണിയമ്പലം മരുതിങ്ങൽ വെച്ച് ചേർന്ന അടിയന്തര വാർഡ് കമ്മിറ്റി യോഗത്തിൽ കമ്മിറ്റിയിലെ ഇരുപതോളം വരുന്ന മുഴുവൻ എക്സിക്യൂട്ടിവ് അംഗങ്ങളും രാജിസന്നദ്ധത അറിയിച്ചിരുന്നു.
ജില്ല പഞ്ചായത്ത് അംഗമായി വണ്ടൂർ ഡിവിഷനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാർഥിക്ക് ഈ വാർഡിൽനിന്ന് ലഭിച്ച വോട്ടുകൾപോലും മുബാറക്കിന് ലഭിക്കാതിരുന്നത് വോട്ട് മറിച്ചതുമൂലമാണെന്ന് യു. സച്ചിദാനന്ദൻ ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എം.എൽ.എക്കും ജില്ല കമ്മിറ്റിക്കും കത്ത് നൽകിയിരുന്നു.
എന്നാൽ, മണ്ഡലം കമ്മിറ്റി ഈ ആവശ്യം ഇതുവരെ പരിഗണനക്ക് എടുക്കാത്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. വിഷയത്തിൽ മേൽ കമ്മിറ്റികളുടെ അടിയന്തര ഇടപെടൽ ഉണ്ടാവുന്നതുവരെ കോൺഗ്രസ് പ്രവർത്തകരായി തുടരേണ്ടതില്ലെന്നാണ് രാജിെവച്ചവരുടെ തീരുമാനം.
വാർഡ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഉൾപ്പെടുന്ന ജനാർദനൻ, പി.സി. ഗഫൂർ, പി. സുരേഷ്, കെ.ടി. സക്കീർ അലി, അബ്ദുൽ അസീസ്, പ്രഭാകരൻ, പി.സി. മജീദ്, സതീഷ് കിണായത്ത് എന്നിവർ രാജിവെച്ചവരിൽ ഉൾപ്പെടും.
പാർട്ടിയിൽനിന്ന് പുറത്താക്കി
വണ്ടൂർ: പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചതിന് വാണിയമ്പലം മുടപ്പിലാശ്ശേരി കോൺഗ്രസ് കമ്മിറ്റിയിലെ സി.എച്ച്. അനിൽകുമാർ, പൈക്കാടൻ ഷിബു എന്നിവരെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.