നേവി ഫുട്ബാൾ താരം വിഷ്ണുവിന് നാടിന്റെ യാത്രാമൊഴി
text_fieldsവണ്ടൂർ: തമിഴ്നാട് തൂത്തുക്കുടിയിൽ മരിച്ച തിരുവാലി സ്വദേശിയും നേവി ഉദ്യോഗസ്ഥനും നേവിയുടെ ഫുട്ബാൾ താരവുമായ ഷാരത്തുകുന്നിൽ പുത്തനാഴി വിഷ്ണുവിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഷാരത്തുകുന്ന് കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു.
ശനിയാഴ്ച പുലർച്ച മൂന്നോടെ നേവിയുടെ ആംബുലൻസിലാണ് മൃതദേഹം ഷാരത്ത് കുന്നിലെ വസതിയിലെത്തിച്ചത്. നേവി ഉദ്യോഗസ്ഥരും മൃതദേഹത്തെ അനുഗമിച്ചിരുന്നു. തുടർന്ന് വൈകീട്ട് നാലോടെ കൊച്ചി വെണ്ടുരുത്തി ഐ.എൻ.എസ് നേവൽബേസിൽ നിന്നെത്തിയ ലഫ്റ്റനൻറ് കമാൻഡർ ദേബാഷിസ് സമൽ, എം.സി.ജി.ഐ സുജിത്ത് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിക്കുകയും ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു.
വിഷ്ണു കേരള യൂനിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നേവിയിൽ സെലക്ഷൻ കിട്ടുന്നതും. ഇന്ത്യൻ നേവിയുടെ ഫുട്ബാൾ ടീം അംഗമാകുന്നതും. നിരവധി മത്സരങ്ങളിൽ നേവിക്കുവേണ്ടി സെൻറർ സ്ട്രെക്കറായി ബൂട്ട് അണിയുകയുണ്ടായി. ജോലി തൂത്തുക്കുടിയിൽ ആയതിനാൽ അമ്മ ബേബി ഗിരിജയും ഭാര്യ അക്ഷയയും മൂന്ന് വയസ്സുകാരി മകൾ അനഹിതയും അടക്കമുള്ള കുടുംബം ഒരുമിച്ചായിരുന്നു നേവിയുടെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ദേശീയ യോഗദിനമായതിനാൽ രാവിലെ യോഗ ക്ലാസിൽ പങ്കെടുത്ത് മോട്ടോർ ബൈക്കിൽ തിരിച്ചു താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ബസിനെ മറികടക്കുമ്പോഴായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.